കൊച്ചി: കേരളത്തിന് പുറത്ത് ഗതാഗത നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന മലയാളികൾ ഇവിടെ അത് അവഗണിക്കുന്ന പ്രവണതയാണെന്ന് ഹൈക്കോടതി.

റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ് സംസ്കാരം മാറേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നിരീക്ഷണം. 
സീബ്രാലൈൻ നടപ്പാക്കൽ സംബന്ധിച്ച വിശദീകരണത്തിനായി പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, ട്രാഫിക് ഐജി സ്പർജൻകുമാർ എന്നിവർ ഓൺലൈൻ മുഖേന ഹൈക്കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.

സാധ്യമായ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഗതാഗത നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണം നടത്തുന്നുണ്ടെന്നും ഐജി വിശദീകരിച്ചു. സീബ്ര ലൈനുകൾ പെയിന്റടിച്ച് സൂക്ഷിക്കാത്തത് പ്രശ്നമാണ്. സീബ്ര ലൈനുകൾക്ക് സമീപം ട്രാഫിക് ലൈറ്റില്ലാത്തതും ഗതാഗത നിയന്ത്രണത്തിന് തടസമാകുന്നുണ്ട്. കൊച്ചി നഗരത്തിലെ 154 സീബ്ര ക്രോസിങ്ങിൽ 50 എണ്ണമേ കൃത്യമായി പെയിന്റടിച്ചിട്ടുള്ളുവെന്നും ഐജി അറിയിച്ചു.

തിരക്കേറിയ കലൂർ ജങ്ഷനിൽ പോലും സീബ്ര ക്രോസിങ് കാണാനാകാത്ത അവസ്ഥയാണെന്ന് അഭിപ്രായപ്പെട്ട കോടതി സംസ്ഥാനത്തെ പ്രധാന റോഡുകളിൽ എത്ര സീബ്ര ലൈനുകളുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ പൊലീസിന് നിർദ്ദേശവും നൽകി.

സീബ്ര ലൈനും സിഗ്നൽ സംവിധാനവും മികച്ച രീതിയിലുള്ളതല്ലെന്ന് പിഡബ്യുഡി സെക്രട്ടറി വിശദീകരിച്ചു.
സീബ്ര ക്രോസിങ്ങുളളിടത്ത് സിഗ്നൽ ഇല്ലാത്തത് പ്രശ്നമാണ്. ദേശീയ പാതിയിലും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അറിയിച്ചു. ഇക്കാര്യത്തിലും റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹർജി വീണ്ടും ഓക്ടോബർ 27ന് പരിഗണിക്കാൻ മാറ്റി.
 

Post a Comment

Previous Post Next Post