ബീജിംഗ്: രാജ്യത്ത് വ്യാപിക്കുന്ന അജ്ഞാത ന്യുമോണിയ കേസുകള്‍ക്ക് ഒന്നിലധികം രോഗാണുക്കളെന്ന വിശദീകരണവുമായി ചൈന.
കൊവിഡ് 19ന് സമാനമായി പുതിയ വൈറസ് ഉടലെടുത്തോ എന്ന ഭീതി ഉയരുന്നതിനിടെയാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്റെ പ്രതികരണം.

ശ്വാസകോശ രോഗങ്ങള്‍ വ്യാപിക്കാൻ പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണെന്ന് കമ്മിഷൻ വക്താവ് മീ ഫെംഗ് പറഞ്ഞു.

 രോഗ വ്യാപനത്തിന് പിന്നില്‍ പുതിയ രോഗാണുക്കളല്ല. റൈനോ വൈറസ്, മൈക്കോപ്ലാസ്മ ന്യുമോണിയൈ ബാക്ടീരിയ, റെസ്പിറേറ്ററി സിൻസിഷല്‍ വൈറസ് എന്നിവയും പടരുന്നുണ്ടെന്ന് പറയുന്നു.

 വ്യാപനം തടയാൻ കൂടുതല്‍ മരുന്നുകളും ചികിത്സാ കേന്ദ്രങ്ങളും ഉറപ്പാക്കുമെന്നും ഫെംഗ് പറഞ്ഞു.

നിലവിലെ രോഗ വ്യാപനം പ്രധാനമായും കുട്ടികളിലാണ്. റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്കെല്ലാം പിന്നില്‍ തിരിച്ചറിഞ്ഞിട്ടുള്ള രോഗാണുക്കള്‍ തന്നെയാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെൻഷൻ ലോകാരോഗ്യ സംഘടനയെ( ഡബ്ല്യു.എച്ച്‌.ഒ ) അറിയിച്ചു.

ബീജിംഗ്, ലിയാവോനിംഗ് മേഖലകളിലെ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നെന്ന വിവരം പുറത്തായതോടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഡബ്ല്യു.എച്ച്‌.ഒ ആവശ്യപ്പെട്ടിരുന്നു.

 ശൈത്യകാലത്ത് ഇത്തരം രോഗവ്യാപനം സാധാരണമായതിനാല്‍ ആളുകള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്നും യാത്രാ നിയന്ത്രണങ്ങളുടെയോ മറ്റോ ആവശ്യമില്ലെന്നുമാണ് ചൈനയുടെ നിലപാട്.

Post a Comment

Previous Post Next Post