പാലക്കാട്: ആരാധനാലയങ്ങളില്‍ 'അസമയത്ത്' വെടിക്കെട്ട് നിരോധിക്കണമെന്ന വിധിയെ നിയമപരമായി നേരിടുമെന്ന് പാലക്കാട്ടെ ഉല്‍സവക്കമ്മിറ്റികള്‍. വിധിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി.

കേസ് വീണ്ടും പരിഗണിക്കുന്ന ഈ 24നു മുന്‍പ് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും കത്തും നല്‍കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി രൂപീകരിച്ചു.

നേരത്തേ വിധിക്കെതിരെ മരട് ക്ഷേത്രഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും 24 ന് കേസ് പരിഗണിക്കുമ്പോള്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മരട് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ ജില്ലാ പൊലീസ് കമ്മീഷണര്‍മാരുടെ 
സഹകരണത്തോടുകൂടി പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post