ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ്‌നല്കുന്ന പ്രഥമ എന്റര്‍പ്രൈസിങ് കോഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്. ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ഐസിഎയുടെ 16-ാമത് ഏഷ്യ-പസഫിക് മേഖലാ അസംബ്ലിയില്‍ ആയിരുന്നു പ്രഖ്യാപനം.


ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് പ്രസിഡന്റ് ഡോ. ഏരിയല്‍ ഗ്വാര്‍ക്കോ അവാര്‍ഡ് സമ്മാനിച്ചു. 

സമ്മേളനത്തില്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത റ്റി. കെ. കിഷോര്‍ കുമാര്‍ ഏറ്റുവാങ്ങി. 
ഐസിഎ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് യാദവ്, ഡയറക്ടര്‍ ബാലു ജി അയ്യര്‍, ജൂറി അംഗങ്ങളായ മുഹമ്മദ് യൂസഫ് ശംസുദ്ദീന്‍, ബീമാ സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.

സാമ്പത്തിക ശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതികസുസ്ഥിരത എന്നിവ പരിപോഷിപ്പിച്ച് സഹകരണരംഗത്തു കാര്യമായ സ്വാധീനം ചെലുത്തിയ മുന്‍കൈകള്‍ പരിഗണിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സഹകരണമേഖലയിലെ വിദഗ്ധരും നേതാക്കളും ഉള്‍പ്പെട്ട അവലോകനസമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

കേരളത്തിലെ മലബാര്‍ മേഖലയിലെ ഒരു ഗ്രാമീണയുള്ളറയില്‍ പിറന്ന് ലോകത്ത് ഏറ്റവും മികച്ച വൈവിധ്യവത്ക്കരണം സാദ്ധ്യമാക്കിയ പ്രാഥമികസഹകരണസംഘങ്ങളില്‍ ഒന്നായി വളര്‍ന്ന സ്ഥാപനം എന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ സൊസൈറ്റിയെ ഐസിഎ വിശേഷിപ്പിച്ചത്. സൊസൈറ്റിയിലെ ഗ്രാമീണരായ തൊഴിലാളികള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി, കീഴേത്തട്ടില്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ഗ്രാമീണയിന്ത്യയിലെ ജനജീവിതത്തില്‍ എങ്ങനെ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തിം എന്നതിന്റെ മികച്ച ഉദാഹരണമായും ഐസിഎ ചൂണ്ടിക്കാട്ടി. വര്‍ഷം 2334 കോടി രൂപ വിറ്റുവരവുള്ള സൊസൈറ്റി 17,000-ത്തിലധികം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്നുവെന്ന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഐസിഎ ചൂണ്ടിക്കാട്ടി.


 

Post a Comment

Previous Post Next Post