കൊല്ലം: ഓയൂർ മരുതമൺപള്ളിയിൽ നിന്ന് ഇന്നലെ കാറിൽ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം എ.ആർ ക്യാമ്പിലേക്ക് മാറ്റി. കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് കണ്ടെത്തുന്നത്.
പൊലീസിന്‍റെ നേതൃത്വത്തിൽ നാടെങ്ങും വലവിരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവർ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് വിവരം. കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഓയൂരിലെ അബിഗേലിന്‍റെ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും.
ആശ്രാമം മൈതാനത്ത് തനിച്ചായ കുഞ്ഞിനെ പാർക്കിലെത്തിയവരാണ് കണ്ടെത്തിയത്. തുടർന്ന് ആളുകൾ കുഞ്ഞിനോട് വിവരം തിരക്കുകയായിരുന്നു. നാട്ടുകാർ ഫോണിൽ രക്ഷിതാക്കളുടെ ഫോട്ടോ കാണിച്ചത് കുഞ്ഞ് തിരിച്ചറിഞ്ഞു.
ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.
അബിഗേൽ സഹോദരൻ യോനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്‍റെ വാതിൽ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്കാണ് വിളി വന്നത്. അപരിചിത നമ്പറിൽനിന്ന് വിളിച്ചവർ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരുഫോണിൽനിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാൽ കുട്ടിയെ തിരികെ ഏൽപിക്കാമെന്നും പറഞ്ഞത്. എന്നാൽ, ഇന്ന് ഇവർ വിളിച്ചിരുന്നില്ല.
Post a Comment