ന്യൂഡൽഹി: സുരക്ഷാ വീഴ്ചക്കെതിരെ പാർലമെന്റിൽ ബഹളംവെച്ച് പ്രതിഷേധിച്ച 15 പ്രതിപക്ഷ എം.പിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ,ബെന്നി ബഹനാൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ആദ്യം അഞ്ചുപേർക്കെതിരെയായിരുന്നു ലോക്സഭയിൽ നടപടി. പിന്നീട് ഒമ്പത് പേരെ കൂടി സസ്​പെൻഡ് ചെയ്യുകയായിരുന്നു. കനിമൊഴി, ജ്യോതിമണി, മുഹമ്മദ് ജാവേദ്, പി.ആർ നടരാജൻ, കെ. സുബ്രഹ്മണ്യം, എസ്.ആർ പ്രതിഭം, എസ്. വെങ്കിടേഷൻ, മാണിക്യം ടാഗോർ എന്നിവരാണ് ലോക്സഭയിൽ സസ്‌പെൻഷൻ ലഭിച്ച മറ്റു എം.പിമാർ. വിന്റർ സെഷൻ സമാപിക്കുന്ന ഡിസംബർ 22 വരെയാണ് സസ്പെന്‍ഷന്‍. സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയിൽ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്‌സഭ മൂന്ന് മണി വരെ നിർത്തിവെച്ചിരുന്നു. സഭയുടെ അന്തസിന് ചേരാത്തവിധം പ്രതിഷേധിച്ചെന്നതാണ് എം.പിമാർക്കെതിരായ കുറ്റം. സ്പീക്കറുടെ താക്കീത് വകവെക്കാതെ ചെയറിന് നേരെ മുദ്രാവാക്യം വിളിച്ചതാണ് നടപടിക്ക് കാരണമെന്നാണ് സൂചന. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം ലോക്സഭ സമ്മേളിച്ചപ്പോൾ
പ്രതിപക്ഷ എം.പിമാർക്കെതിരെ നടപടി വേണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. തുടർന്ന് പ്രമേയം സഭ പാസാക്കുകയായിരുന്നു.

ലോക്സഭയുടെ സുരക്ഷ തന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിശദീകരണം ഇന്നലെ തന്നെ നല്‍കിക്കഴിഞ്ഞെന്നും സ്പീക്കര്‍ ഓംബിര്‍ല വ്യക്തമാക്കി. ഇനിമുതല്‍ പാസ് നല്‍കുമ്പോള്‍ എം.പിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. സുരക്ഷ വീഴ്ച വിലയിരുത്താന്‍ രാവിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി ഇന്നലത്തെ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ സുരക്ഷ ചുമതലയുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
 

Post a Comment

أحدث أقدم