തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ഭാവി തീരുമാനമായി. ആദ്യം ബസ് തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. പിന്നീട് വാടകയ്ക്ക് നൽകും. വിവാഹം, വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും.


കെ.എസ്.ആർ.ടി.സി.യുടെ പേരിലാണ് ബസ് വാങ്ങിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സി.ക്കാകും പരിപാലനച്ചുമതല. വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചർച്ചവന്നിട്ടുണ്ട്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷമാകും ബസ് കെ.എസ്.ആർ.ടി.സി.ക്ക് വിട്ടുകൊടുക്കുക.

ഇതിനുശേഷം പുതിയ മന്ത്രി കാര്യങ്ങൾ വിശദീകരിക്കും. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.

ഇതിനകം എഴുന്നൂറിലധികംപേർ പേർ ബസ് വാടകയ്ക്ക് ലഭ്യമാകുമോ എന്നുചോദിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്.

Post a Comment

Previous Post Next Post