കൊച്ചി: കേരളത്തെ ഞെട്ടിച്ച വൈഗ കൊലക്കേസിൽ വിധി ഇന്ന്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുന്നത്.
13കാരിയായ മകൾ വൈഗയെ കൊലപ്പെടുത്തിയെന്ന് പ്രതി സനു മോഹൻ കോടതിയിൽ തുറന്ന് സമ്മതിച്ചിരുന്നു.
2021 മാർച്ച് 21നാണ് ഭർത്താവ് സനു മോഹനെയും മകൾ 13കാരി വൈഗയെയും കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസിൽ പരാതി നൽകിയത്. ആലപ്പുഴയിലെ ഭാര്യവീട്ടിൽ നിന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹൻ വൈഗയുമായി പോകുകയായിരുന്നു.
മാർച്ച് 22ന് മുട്ടാർ പുഴയിൽനിന്ന് വൈഗയുടെ മൃതദേഹം കണ്ടെടുത്തു. സനുമോഹനും പുഴയിൽ ചാടി ജീവനൊടുക്കിയെന്ന നിഗമനത്തിൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.
സനു മോഹൻ അറസ്റ്റിലായി 82-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മകൾ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. മകൾ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനുമോഹന്റെ ശ്രമം.
കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടിൽ മറ്റൊരാളായി ജീവിക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയടക്കമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 97 സാക്ഷികളാണുള്ളത്.
സനു പുണെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ സനു മോഹനെ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസും ശ്രമിച്ചിരുന്നു.
Post a Comment