ഓമശ്ശേരി: പട്ടികജാതി വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ഉറപ്പാക്കാൻ വീടിനോടനുബന്ധിച്ച്‌ പഠനമുറി നിർമ്മിക്കുന്നതിന്‌ ഓമശ്ശേരിയിൽ പത്ത്‌ ലക്ഷം രൂപ അനുവദിച്ചു.

വിവിധ വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നും അർഹതാ മാനദണ്ഡവും മുൻ ഗണനാ മാനദണ്ഡവും പരിശോധിച്ചാണ്‌ ഗുണഭോക്തൃ ലിസ്റ്റ്‌ തയ്യാറാക്കിയത്‌.800 ചതുരശ്ര അടിയിലധികരിക്കാത്ത നിലവിലുള്ള വീടിനോട്‌ ചേർന്ന് പരമാവധി 120 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പഠനമുറി നിർമ്മിക്കുന്നതിനാണ്‌ ഒരു കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപ വീതം അനുവദിച്ചത്‌.

കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ചിട്ടുള്ള കോഴ്സിനു പഠിക്കുന്നവരേയും സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്നവരേയുമാണ്‌ പഠനമുറി സഹായത്തിനായി പരിഗണിച്ചത്‌.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ഗുണഭോക്തൃ സംഗമം വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ മെമ്പർമാരായ എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,നിർവ്വഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ സ്വാഗതവും എം.ഷീജ ബാബു നന്ദിയും പറഞ്ഞു.ഗുണഭോക്താക്കൾ ഡിസംബർ 11 നകം ആവശ്യമായ മുഴുവൻ രേഖകളും സഹിതം പഞ്ചായത്തിൽ എഗ്രിമന്റ്‌ വെക്കും.ആദ്യ ഗഡു മുപ്പതിനായിരം രൂപ എഗ്രിമെന്റ്‌ നടപടികൾ പൂർത്തിയായാൽ ഗുണഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ കൈമാറും.നാലു ഘട്ടങ്ങളായാണ്‌ രണ്ട്‌ ലക്ഷം രൂപ കൈമാറുക.പഠനമുറികളുടെ നിർമ്മാണം ജനുവരി 30 നകം പൂർത്തീകരിക്കാൻ ഗുണഭോക്തൃ യോഗത്തിൽ തീരുമാനമെടുത്തു.

ഫോട്ടോ:ഓമശ്ശേരിയിൽ എസ്‌.സി.പഠനമുറിയുടെ ഗുണഭോക്തൃ യോഗം പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post