താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വന്യജീവിസാന്നിധ്യം പുതുമയുള്ള കാര്യമല്ല. കുരങ്ങ്, മലയണ്ണാൻ, മാൻ, കാട്ടുപോത്ത്, കാട്ടാന തുടങ്ങി പുള്ളിപ്പുലിയുടെ സാന്നിധ്യംവരെ ചുരം പാതയോട് ചേർന്നുള്ള മേഖലകളിലുണ്ട്.
വ്യാഴാഴ്ച പുലർച്ചെ ഒമ്പതാം വളവിന് താഴെയുള്ള ചുരംപാത മുറിച്ചുകടക്കുന്ന കടുവയുടെ ദൃശ്യം താമരശ്ശേരി ഹൈവേ പോലീസ് സംഘത്തിന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞതോടെ ചുരത്തിൽ കടുവസാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വനഭാഗമായ ചുരത്തിൽ രാത്രികാലങ്ങളിലെ കടുവസാന്നിധ്യത്തിൽ അപൂർവതയില്ലെന്നും ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനംവകുപ്പിന്റെ പക്ഷം. വ്യാഴാഴ്ച കണ്ട കടുവ ഉപദ്രവകാരിയല്ലെന്നാണ് പ്രാഥമികനിരീക്ഷണം.
2020 ജൂൺ മൂന്നിന് രാത്രി താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിന് താഴെയുള്ള ഇടുങ്ങിയഭാഗത്ത് പുലിയെ കണ്ടതായി പിക്കപ്പ് വാൻ ഡ്രൈവറായ കൊട്ടാരക്കോത്ത് ചാലിൽവീട്ടിൽ ടി.എം. റിയാസ് താമരശ്ശേരി പോലീസിൽ വിവരമറിയിച്ചിരുന്നു.
2022 ഫെബ്രുവരി രണ്ടിന് താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങിയെന്ന തരത്തിലുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും അത് വ്യാജമാണെന്നും ദൃശ്യം വാൽപ്പാറ ചുരത്തിലേതാണെന്നും പിന്നീട് വ്യക്തമായി. ഏപ്രിൽ ഏഴിന് രാത്രി പത്തരയോടെ ചുരത്തിലെ ഏഴാംവളവിന് താഴെ കടുവയെ കണ്ടതായി പ്രചരിച്ചു. ഒരു കടുവ റോഡ് മുറിച്ചുകടന്ന് വനഭാഗത്തേക്ക് ചാടിമറഞ്ഞതായി ബൈക്ക് യാത്രികനായ നല്ലളം മാനാങ്കുളം സ്വദേശി നജ്മുദ്ദീനായിരുന്നു പോലീസ് കൺട്രോൾ റൂമിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്.
എന്നാൽ, കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും പുലിയെ പോലെ ചുരത്തിൽ കടുവയെ കാണാനുള്ള സാധ്യത വിരളമാണെന്നുമായിരുന്നു അന്ന് വനംവകുപ്പിന്റെ വിശദീകരണം. മാസങ്ങൾക്കുമുമ്പ് നാലാംവളവിനടുത്ത് ജനവാസമേഖലയ്ക്ക് സമീപം ഒരു കടുവയെത്തിയതായും പ്രചരിച്ചിരുന്നു.ചുരത്തിൽ കടുവയെ കണ്ടതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.
ഇത്തരം മേഖലകളിലൂടെ വന്യജീവികൾ കടന്നുപോവുക സ്വാഭാവികമാണ്. കാടിനുള്ളിലുള്ള റോഡുകളിൽ പാലിക്കേണ്ട സ്വാഭാവിക ജാഗ്രത ഇവിടെയും വേണം. പ്രത്യേക മുൻകരുതൽ സ്വീകരിക്കുകയോ പരിഭ്രാന്തരാവുകയോ വേണ്ട. കടുവ മുറിച്ചുകടന്ന ഈ ഭാഗം കടുവകളുടെ സ്ഥിരം സഞ്ചാരപാതയൊന്നുമല്ല. രണ്ടുദിവസംകൂടി വനപാലകർ കടുവയുടെ സഞ്ചാരഗതി നിരീക്ഷിക്കും.
കടപ്പാട് മാതൃഭൂമി
Post a Comment