തിരുവമ്പാടി:
യാത്രാദുരിതം സങ്കീർണമായ മലയോര, കുടിയേറ്റ നിവാസികളുടെ നിരന്തര മുറവിളിക്കൊടുവിൽ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോക്ക് സർക്കാരിന്റെ പച്ചക്കൊടി.
സബ് ഡിപ്പോ നിർമാണത്തിനായി 2.79 കോടി രൂപയുടെ ടെൻഡർ നടപടിയായി. രണ്ടാഴ്ചയ്ക്കകം ടെൻഡർ തുറക്കും. ഫെബ്രുവരി മൂന്നാംവാരത്തോടെ നിർമാണം തുടങ്ങാനാകുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.
ഒന്നരപ്പതിറ്റാണ്ടായി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നിർമാണം അനിശ്ചിതത്വത്തിലാണ്. 2010-ൽ പ്രവർത്തനം ആരംഭിച്ച സബ് ഡിപ്പോയുടെ നിർമാണത്തിന് 2016-17 ൽ അന്നത്തെ എം.എൽ.എ. ജോർജ് എം. തോമസ് ആസ്തിവികസനഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും തുടർനീക്കമുണ്ടായില്ല. സ്ഥലത്തിന്റെ തരംമാറ്റം, കൈമാറ്റം, കരാർകമ്പനി പിൻവാങ്ങൽ എന്നിങ്ങനെ നേരിട്ട തടസ്സങ്ങൾ ഏറെ. ഡിപ്പോ ആധാരത്തിൽ വയലായ സ്ഥലം തരംമാറ്റിയാൽമാത്രമേ പ്രവൃത്തി തുടങ്ങാൻസാധിക്കൂ. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം മറ്റൊരുവകുപ്പിന് കൈമാറാൻപാടില്ലെന്ന ഓഡിറ്റ് ആക്ഷേപമായിരുന്നു സ്ഥലംകൈമാറ്റം പ്രതിസന്ധിയിലാക്കിയത്.
തിരുവമ്പാടി ബസ് സ്റ്റാൻഡിനോടുചേർന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഓഫീസുകളുമുണ്ട്. പ്രളയത്തിൽ മുങ്ങുന്നയിടത്താണ് 13 വർഷമായി താത്കാലിക ഗാരേജ് പ്രവർത്തിക്കുന്നത്.
വെള്ളക്കെട്ട് ഭീഷണിമൂലം ബസുകൾ സമീപത്തെ സേക്രഡ് ഹാർട്ട് ചർച്ച് വളപ്പിലേക്ക് മാറ്റുകയാണ് പതിവ്. ഏതാണ്ട് ഒരുകിലോമീറ്റർ അകലെയുള്ള കറ്റിയാട്ടെ 1.75 ഏക്കർ സ്ഥലത്താണ് നിർദിഷ്ട സബ്ഡിപ്പോയും ബസ് സ്റ്റേഷനും.
തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ കെട്ടിട നിർമാണ സ്ഥലം കൈമാറ്റ ചടങ്ങ്
ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോക്ക് ആവശ്യമായ സ്ഥലം ഗ്രാമപ്പഞ്ചായത്ത് 2021 നവംബറിൽ കെ.എസ്.ആർ.ടി.സി.ക്ക് കൈമാറിയിരുന്നു.
إرسال تعليق