ഓമശ്ശേരി:ഓമശ്ശേരി പഞ്ചായത്തിനെ പഞ്ചായത്ത് ലേണിംഗ് സെന്ററായി (പി.എൽ.സി) തെരഞ്ഞെടുത്തു.
സംസ്ഥാനത്ത് 70 പഞ്ചായത്തുകളേയാണ് ലേണിംഗ് സെന്ററായി പ്രഖ്യാപിച്ചത്. കോഴിക്കോട്
ജില്ലയിൽ ഓമശ്ശേരി ഉൾപ്പടെ 6 പഞ്ചായത്തുകൾ മാത്രമാണ് ലേണിംഗ് സെന്ററുകൾ.
വിവിധ തലങ്ങളിലെ അവാർഡുകളിലൂടെയും പ്രവർത്തന മികവിലൂടെയും ശ്രദ്ധ നേടിയ പഞ്ചായത്തുകളെയാണ് ലേണിംഗ് സെന്ററായി പരിഗണിച്ചത്.പി.എൽ.സിയായി തെരഞ്ഞെടുത്തതോടെ പഞ്ചായത്തിനേയും പ്രവർത്തനങ്ങളേയും അടുത്തറിയാൻ കേരളത്തിനകത്തും പുറത്തുമുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും വിവിധ ഘട്ടങ്ങളിൽ ദ്വിദിന സന്ദർശനത്തിനും പരിശീലനത്തിനുമായി ഓമശ്ശേരിയിലെത്തും.
പരിശീലന സൗകര്യങ്ങളും ഫീൽഡ് സന്ദർശനങ്ങൾക്കുള്ള ക്രമീകരണവും പഞ്ചായത്ത് ഒരുക്കും.രാഷ്ട്രീയ ഗ്രാംസ്വരാജ് അഭിയാൻ(ആർ.ജി.എസ്.എ) പദ്ധതിയുടെ ഭാഗമായാണ് ഇതിനുള്ള സഹായം ലഭ്യമാക്കുന്നത്.കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിനു കീഴിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനാ(കില)ണ് സംസ്ഥാന തലത്തിൽ പഞ്ചായത്ത് ലേണിംഗ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പഞ്ചായത്ത് ലേണിംഗ് സെന്ററുകളായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള 50 വരെയുള്ള പരിശീലനാർത്ഥികളാണ് ഓരോ ഘട്ടത്തിലുമെത്തുക.ഒരു പഞ്ചായത്തിൽ നിന്നും പരമാവധി 25 പേർക്കാണ് ലേണിംഗ് സെന്ററുകൾ സന്ദർശിക്കാനും പഠിക്കാനും അവസരമുണ്ടാവുക.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പഠന-സന്ദർശന-പരിശീലന പ്രവർത്തനങ്ങളാണ് എല്ലാ ഘട്ടത്തിലും സംവിധാനിക്കുക.പരിശീലനാർത്ഥികൾക്കുള്ള താമസവും ഭക്ഷണവും യാത്രയുമുൾപ്പടെയുള്ള ചെലവുകൾ 'കില'യാണ് വഹിക്കുന്നത്.
പ്രാദേശിക കലാ പരിപാടികൾ,പ്രാദേശിക വിനോദ സഞ്ചാരം എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പരിശീലന ഉള്ളടക്കം തയ്യാറാക്കുന്നത്.ഗ്രാമ പഞ്ചായത്തിനെ കുറിച്ചും ഊന്നൽ മേഖലകളെ കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന സ്ലൈഡുകൾ,ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഉപയോഗിച്ചുള്ള 10 മിനുറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി,കുറിപ്പുകൾ,ലഘു ലേഖകൾ,ബ്രോഷർ,പോസ്റ്റർ പ്രദർശനം എന്നിവ ദ്വിദിന പരിശീലനത്തിലുണ്ടാവും.ജനുവരി അവസാന വാരത്തിൽ ഓമശ്ശേരിയിൽ പഞ്ചായത്ത് ലേണിംഗ് സെന്ററിന്റെ ഉൽഘാടനം നിർവ്വഹിക്കും.മറ്റു പഞ്ചായത്തുകളിലുള്ളവരുടെ രണ്ട് ദിവസത്തെ ആദ്യ ഘട്ട സന്ദർശനവും പരിശീലന ക്ലാസും ഉൽഘാടനത്തോടനുബന്ധിച്ച് നടക്കും.
പഞ്ചായത്ത് ഹാളിൽ ചേർന്ന ലേണിംഗ് സെന്റർ സംഘാടക സമിതി രൂപീകരണ യോഗം പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല എന്നിവർ സംസാരിച്ചു.
Post a Comment