പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് നടപടി. അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസെടുത്തിരുന്നത്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയവകുപ്പുകളാണ് ചുമത്തിയത്.

നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എം.എൽ.എ, എം.വിൻസെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കൾക്കെതിരായ നടപടി ആദ്യമാണ്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.

Post a Comment

Previous Post Next Post