ഹൈദരാബാദ് ബിർള പ്ലാനറ്റോറിയം ഭാസ്കര ഓഡിറ്റോറിയത്തിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഇന്ത്യ റീഡിങ് ഒളിംപ്യാഡ് അവാർഡ് ആഗ്ന യാമി ഏറ്റുവാങ്ങുന്നു
ഓമശ്ശേരി :
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുഡ് ഫോർ തോട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകിവരുന്ന ഇന്ത്യ റീഡിങ് ഒളിംപ്യാഡ് അവാർഡ് (ഐ ആം ബോണ്ട് അണ്ടർ 18) ഇത്തവണ മലയാളി ബാലിക ആഗ്ന യാമിയ്ക്ക്. സർഗാത്മക ഇടപെടലിലൂടെ എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിച്ച് രാജ്യത്തെ പുതുതലമുറയ്ക്ക് പ്രചോദനമാവുന്നതിന് ജൂനിയർ വിഭാഗത്തിൽ നൽകി വരുന്ന പുരസ്കാരത്തിനാണ് ആഗ്ന യാമി അർഹയായത്.നിലവിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയ്ക്കുള്ള വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ജേതാവാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആഗ്ന യാമി.
ഹൈദരാബാദ് ബിർള പ്ലാനറ്റോറിയത്തിലെ ഭാസ്കര ഓഡിറ്റോറിയത്തിൽ നടന്ന ഐ.ആർ.ഒ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആഗ്ന യാമി അവാർഡ് ഏറ്റുവാങ്ങി. അപാക് എച്ച്.ആർ.വൈസ് പ്രസിഡൻ്റ് അജിത് ജെയ്ൻ, ഹൈദരാബാദ് ഇൻവെസ്കോ എച്ച്.ആർ.ഡയറക്ടർ പ്രത്യുഷ, ഹൈദരാബാദ് ടി.സി.എസ് എച്ച്.ആർ ഹെഡ് ശ്രീകാന്ത് സുരമ്പുഡി എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
ഫുഡ് ഫോർ തോട്ട് ഫൗണ്ടേഷൻ ഡയറക്ടർ മാധവി ശർമ്മ അധ്യക്ഷയായി.ബംഗളൂരു അമേഡിയ സ് സോഫ്റ്റ് വേർ ലാബ്സ് കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി റിബു.എം, ഷെഫാലി റാവു, ഉമ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment