തിരുവനന്തപുരം: 
ചികിത്സാ സഹായം ചോദിച്ചെത്തിയതിന് പിന്നാലെ സുരേഷ് ​ഗോപി പരിഹസിച്ച് പറഞ്ഞയച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി സർക്കാർ. അപൂർവ രോ​ഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂർവ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നൽകുന്നത്. 

കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ ഈർഷ്യയോടെ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ​ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത്  സഹായം ചോദിക്കുകയായിരുന്നു. ​

ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന്‌ മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ​ഗോവിന്ദൻ മാസ്റ്ററെന്നും അദ്ദേഹത്തെ കാണാൻ സുരേഷ് ​ഗോപി പറഞ്ഞുവെന്നും അറിയിച്ചു. ജനങ്ങളാണ്‌ സുരേഷ് ​ഗോപി കളിയാക്കിയതാണെന്ന്‌ പറഞ്ഞു മനസ്സിലാക്കിയത്‌.

മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാവുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്‌.

Post a Comment

Previous Post Next Post