കൊച്ചി: വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ പിരിവ് ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടണമെന്ന നിർദേശം പാലിയേക്കര ടോളിൽ കർശനമായി പാലിക്കണമെന്ന് ഹൈകോടതി. വാഹനങ്ങൾ 10 സെക്കൻഡിനുള്ളിൽ ടോൾ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റി 2021ൽ പ്രഖ്യാപിച്ച മാർഗ നിർദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം പാലിയേക്കരയിൽ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഒ.ജെ. ജെനീഷ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. മാർഗനിർദേശം പാലിക്കുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം നടപ്പാക്കാനാവാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും മേയ് 21ന് പരിഗണിക്കാൻ മാറ്റി.
إرسال تعليق