ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉൾപ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകൾ പ്രഖ്യാപിച്ചിരുന്നു.


രാജസ്ഥാനിലെ ബാർമർ ഉൾപ്പെടെയുള്ള മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്. ആളുകൾ വീടുകളിൽ തുടരണമെന്നാണ് നിർദേശം. വെടിനിർത്തൽ പ്രഖ്യാപിച്ചത് പാക് ഡിജിഎംഒ വിളിച്ചതിന് ശേഷമെന്ന് ഇന്ത്യയുടെ DGMO ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കിയിരുന്നു. വെടി നിർത്തൽ ധാരണയ്ക്ക് ശേഷവും പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായി. സേന ശക്തമായി തിരിച്ചടിച്ചു. വെടിനിർത്തൽ തുടർന്നും ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.

പാകിസ്താന്റെ തുടർ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. അതിർത്തി മേഖലകളിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. പ്രകോപനത്തിന് ഒരുങ്ങിയാൽ തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പാകിസ്താൻ അറിയുമെന്നും സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ പ്രധാന പങ്കു വഹിച്ചത് വ്യോമസേനയായിരുന്നു. നാവികസേനയും ദൗത്യത്തിന്റെ ഭാഗമായി. ദൗത്യത്തിന് ഭാഗമായി ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയില്ലെന്നും സൈന്യം അറിയിച്ചു.

Post a Comment

أحدث أقدم