താമരശ്ശേരി : 
കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രധാന ഡിപ്പോ അയ താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചതായി ഡോ എം.കെ മുനീർ എം.എൽ.എ അറിയിച്ചു.

കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ നിലവിലെ ശോചനീയാവസ്ഥ പരിഗണിച്ച്, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മാതൃകയിൽ) നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്.

ഡിപ്പോയുടെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ, ആർക്കിടെക്റ്റ്, ജനപ്രതിനിധികൾ, വികസന സമിതി ഭാരവാഹികൾ എന്നിവരടങ്ങിയ സംഘം ഡിപ്പോ സന്ദർശിച്ചു.

ഒരേക്കറിൽ വ്യാപിച്ചുകിടക്കുന്ന താമരശ്ശേരി ഡിപ്പോ മതിയായ സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ഡിപ്പോയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നവീകരണം പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് 
 പ്രതീക്ഷിക്കുന്നതായും അത് പൂർത്തിയാക്കുന്നതോടെ താമരശ്ശേരി ഡിപ്പോയുടെ മുഖച്ചായ തന്നെ മാറുമെന്നും എം.എൽ.എ പ്രസ്താവനയിൽ വ്യക്തമാക്കി.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ്റെ നേതൃത്വത്തിൽ   പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ  അരുൺ, അസിസ്റ്റൻറ് എൻജിനീയർ പ്രസാദ്, ആർക്കിടെക്റ്റ് ബിനു,  തുടങ്ങിയവർ ഡിപ്പോ സന്ദർശിച്ചു.

Post a Comment

أحدث أقدم