മലപ്പുറം കാക്കഞ്ചേരി ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കെ എന്‍ ആര്‍ സി യുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി കടത്തിവിടുന്നു. മലപ്പുറം ചേലമ്പ്ര പഞ്ചായത്തില്‍ കിന്‍ഫ്ര പാര്‍ക്കിനും സ്പിന്നിംഗ് മില്‍ എന്ന സ്ഥലത്തിനുമിടയിലുള്ള ഭാഗത്താണ് ഇത്തരത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. 200 മീറ്ററോളം ഭാഗത്ത് റോഡിന്റെ ഒത്ത നടുക്കാണ് വിള്ളല്‍. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും വിള്ളല്‍ കാണുന്നുണ്ട്.
കെഎന്‍ആര്‍സിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടയുകയും അത് തടയുകയുമായിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പരിശോധന നടത്തി.
അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് ഇന്നലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു .ഡിസാസ്റ്റര്‍ ടൂറിസം ആയി കാണരുത് എന്ന് മലപ്പുറം കലക്ടര്‍ വിആര്‍ വിനോദ് പറഞ്ഞു.
തകരാത്ത ഒരു വശത്തെ സര്‍വീസ് റോഡ് ഉടന്‍ തുറന്ന് കൊടുത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാനും തീരുമാനമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ?പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്.
Post a Comment