ന്യൂഡൽഹി:
കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് ബി.ജെ.പി മന്ത്രി. മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിയായ വിജയ് ഷാ സോഫിയ ഖുറേഷിയെക്കുറിച്ച് മോശം പരാമർശം നടത്തിയത് വ്യാപക വിമർശനത്തിന് കാരണമായതോടെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

'എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ്' -വിജയ് പറഞ്ഞു.

ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇതിന്‍റെ വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ - എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.

പരാമർശത്തില്‍ മന്ത്രിക്കെതിരെ ബി.ജെ.പി നടപടി ഉണ്ടായേക്കും. വിജയ് ഷാക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് വിവരം. സായുധ സേനയെ അപമാനിക്കുകയാണ് ബി.ജെ.പി മന്ത്രി ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ‘മധ്യപ്രദേശ് ബി.ജെ.പി സർക്കാറിലെ മന്ത്രിയായ വിജയ് ഷാ, ഇന്ത്യയുടെ മകളായ കേണൽ സോഫിയ ഖുറേഷി നമ്മുടെ അഭിമാനമാണ്,
എന്നിട്ടും അവരെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു. അവരെയാണ് ഭീകരവാദികളുടെ സഹോദരി എന്ന് മുദ്രകുത്തിയത്. ഇത് നമ്മുടെ ധീരരായ സായുധ സേനയെ അപമാനിക്കലാണ്’ -വിവാദ വിഡിയോ പങ്കുവെച്ച് ബിഹാർ കോൺഗ്രസ് അവരുടെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

ഇന്ത്യൻ സേനയുടെ പെൺകരുത്തിന്‍റെ മുഖമായാണ് കരസേനയിലെ കേണൽ സോഫിയയെ വിശേഷിപ്പിക്കുന്നത്. ബി.ജെ.പി നേതാവിന്‍റെ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടി നൽകിയതിൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുന്നതിനിടെയാണ് മന്ത്രിയുടെ അധിക്ഷേപ പരമാർശം. അവരുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഉദ്ദേശിച്ചത് അവരെ തന്നെയാണെന്ന് വ്യക്തം. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് വിശദീകരിച്ച രണ്ടു വനിത സൈനിക ഉദ്യോഗസ്ഥരാണ് സോഫിയയും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും.



Post a Comment

أحدث أقدم