ഓമശ്ശേരി:
എൽ.എസ്.എസ്,യു.എസ്.എസ്.പരീക്ഷാർത്ഥികൾക്കായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ 'പ്രതിഭാ ക്ലബ്ബ്' പദ്ധതിയിൽ അംഗങ്ങളായവർക്ക് ഇരു പരീക്ഷകളിലും മിന്നും വിജയം.പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നുള്ള എൽ.എസ്.എസ്,യു.എസ്.എസ്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെയാണ് പ്രതിഭാ ക്ലബ്ബിൽ അംഗങ്ങളാക്കുന്നത്.ഇക്കഴിഞ്ഞ അധ്യയന വർഷം പ്രതിഭാ ക്ലബ്ബിൽ അംഗങ്ങളായ 63 വിദ്യാർത്ഥികൾ എൽ.എസ്.എസും 55 വിദ്യാർത്ഥികൾ യു.എസ്.എസും കരസ്ഥമാക്കി മിന്നും വിജയമാണ് കൈവരിച്ചത്.കഴിഞ്ഞ നാലു വർഷമായി പഞ്ചായത്ത് ഭരണ സമിതി വാർഷിക പദ്ധതികളിൽ ഓരോ വർഷവും ഒരു ലക്ഷം രൂപ വീതം വകയിരുത്തിയാണ് 'പ്രതിഭാ ക്ലബ്ബ്' നടത്തി വരുന്നത്.
ഇക്കഴിഞ്ഞ എൽ.എസ്.എസ്,യു.എസ്.എസ്.പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ 118 വിദ്യാർത്ഥികളേയും പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി അനുമോദിച്ചു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിജയികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പ്രൗഢമായ പ്രതിഭാ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,പ്രതിഭാ ക്ലബ്ബ് നിർവ്വഹണ ഉദ്യോഗസ്ഥ വി.ഷാഹിന ടീച്ചർ,ബി.ആർ.സി.ട്രെയിനർ കെ.ഷൈജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതവും പഞ്ചായത്തംഗം സി.എ.ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.
കേരള എക്സൈസ് വകുപ്പ് വിമുക്തി സെൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പ്രസാദ് വാവാട്,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.ലാജുവന്തി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.ജേതാക്കൾക്ക് ജനപ്രതിനിധികൾ ഉപഹാരം സമ്മാനിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച പ്രതിഭാ സംഗമം പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment