മലപ്പുറം: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്‌കന്‍. മുഹമ്മദലി എന്ന 54കാരനാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. പ്രതിയെ കിട്ടിയതോടെ ഇനി മരിച്ചതാരെന്ന് കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്.
ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. '1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്'. മുഹമ്മദലി പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് മുഹമ്മദലി കൊലപാതകക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. 1986 നവംബറിലായിരുന്നു സംഭവം. ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നാണ് മൊഴി നല്‍കിയത്.
സ്ഥലത്തു നിന്നും ഓടിപ്പോയ മുഹമ്മദലി രണ്ടുദിവസം കഴിഞ്ഞാണ്, തോട്ടില്‍ വീണയാള്‍ മരിച്ചതായി അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകാം എന്ന നാട്ടുകാരുടേയും അഭിപ്രായം കണക്കിലെടുത്ത് പൊലീസും അത്തരത്തിലാണ് കേസെടുത്തത്. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്താതിരുന്നതോടെ അജ്ഞാതമൃതദേഹമായി സംസ്‌കരിക്കുകയും ചെയ്തു. 116/86 ആയി റജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി മരിച്ചത് ആരെന്ന് കണ്ടെത്തേണ്ട ദൗത്യമാണ് മുന്നിലുള്ളത്.



Post a Comment

أحدث أقدم