തിരുവമ്പാടി : പുല്ലൂരാംപാറ,
101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. ര
ജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് മുഖ്യനിയോഗം.
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയും അനുസ്മരിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിച്ചു.
തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. കുര്യാക്കോസ് മുഖാലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
നിരവധി പേരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ 25 വര്‍ഷത്തെ സേവനത്തിനിടെ ബഥാനിയാ ധ്യാനകേന്ദ്രത്തിന് സാധിച്ചെന്ന് വചനസന്ദേശം പങ്കുവച്ച് ബിഷപ് പറഞ്ഞു.
യുദ്ധക്കെടുതിയില്‍ വലയുന്ന ഉക്രൈനിലെയും പാലസ്തീനയിലെയും ജനങ്ങള്‍ക്കുവേണ്ടിയും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയയിലും ചൈനയിലും പീഡനം ഏല്‍ക്കേണ്ടി വരുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
'കുടുംബങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജീവനെതിരെ ഒരു സംസ്‌ക്കാരം ലോകമെങ്ങും ഉയര്‍ന്നു വരുന്നുണ്ട്. വിവാഹം വേണ്ടെന്നും മക്കള്‍ വേണ്ടെന്നും പറയുന്ന ഒരു തലമുറ ഉയര്‍ന്നു വരുന്നുണ്ട്. കുടുംബങ്ങള്‍ തിരുക്കുടുംബങ്ങളാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കുടുംബങ്ങള്‍ ശക്തിപ്പെട്ടാല്‍ മാത്രമേ സഭയും ശക്തിപ്പെടുകയുള്ളു' ബിഷപ് പറഞ്ഞു.
'
പരിശുദ്ധ അമ്മ സ്വര്‍ഗ്ഗീയ റാണിയാണ്. ലോകമെങ്ങും അത്ഭുതങ്ങളും അടയാളങ്ങളും പരിശുദ്ധ അമ്മയിലൂടെ ലഭിക്കുന്നത് അതിനാലാണ്. യേശുവില്‍ എത്തിച്ചേരാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം പരിശുദ്ധ അമ്മയോടൊപ്പം സഞ്ചരിക്കുക എന്നതാണ്' -ബിഷപ് കൂട്ടിച്ചേര്‍ത്തു.
അഖണ്ഡ ജപമാല സമര്‍പ്പണത്തോട് അനുബന്ധിച്ച് ബഥാനിയായില്‍ എല്ലാ ദിവസവും കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ആരാധനയുണ്ടാകും. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകിട്ട് ഏഴിനും ദിവ്യബലിയര്‍പ്പണം നടക്കും. എല്ലാ ദിവസവും പകല്‍ മൂന്നിനും പുലര്‍ച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും നേര്‍ച്ച ഭക്ഷണമുണ്ട്. ഒക്ടോബര്‍ 25-ന് സമാപിക്കും.
ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോസഫ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Post a Comment