കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലറിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്നും അതിനു തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമപദേശം തേടിയ ശേഷം സർക്കാർ വിഷയത്തിൽ കോടതിയെ സമീപിക്കും. നിലവിലെ നടപടി നിയമ വിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്.
യൂണിവേഴ്സിറ്റിയിലെ സംഘർഷാത്മകമായ പരിപാടിയിൽ നിന്ന് ഗവർണർക്ക് മാറി നിൽക്കാമായിരുന്നു. ഭാരതാംബയുടെ ചിത്രമെങ്കിലും മാറ്റമായിരുന്നു. ആർ എസ് എസിന്റെ ബിംബങ്ങൾ ജനങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭാരതാംബ ചിത്രം എല്ലായിടത്തും പ്രതിഷ്ഠിക്കുന്നത്. മതേതര ചിന്തയോടെയാണ് പുതിയ തലമുറ വളരേണ്ടത്. സർവകലാശാലകൾ മതേതരമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹൻ കുന്നുമ്മലിന്‍റെ നടപടിയെ മന്ത്രി വി ശിവൻകുട്ടിയും കടുത്ത ഭാഷയിൽ വിമർശിച്ചു. രജിസ്ട്രാറുടെ സസ്പെൻഷനെ ജനാധിപത്യ വിരുദ്ധമായ നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നതായും മന്ത്രി പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് ഉണ്ട്. സബ് കമ്മിറ്റിയും ഉണ്ട്. വി സി ഇതൊന്നും പരിഗണിക്കാതെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഈ നടപടി യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment