കൂടരഞ്ഞി :
നിർമ്മാണം പൂർത്തിയാക്കിയ കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഓൺലൈനായി നിർവഹിച്ചു.
വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ മുഴുവൻ റവന്യൂ ഓഫീസുകളും എല്ലാ വിധത്തിലും സ്മാർട്ട് ആകുന്ന സാഹചര്യത്തിൽ അവിടുത്തെ ജീവനക്കാർക്ക് സൗകര്യപ്രദമായ താമസസൗകര്യം ഒരുക്കുക എന്ന വിപുലമായ ആലോചന നടപ്പിലാക്കുകയാണ് റവന്യൂ വകുപ്പെന്നു മന്ത്രി പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവങ്ങളും സ്മാർട്ട് എന്ന മുദ്രവാക്യത്തോടെ പ്രവർത്തിക്കുന്ന റവന്യു വകുപ്പിലെ ജീവനക്കാർക്ക് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനും സ്റ്റാഫ് ക്വാർട്ടേഴ്‌സ് സൗകര്യത്തിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മലയോര മേഖലയിൽ
വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മലയോര വില്ലേജായ കൂടരഞ്ഞിയിൽ ദുരന്തനിവാരണം, തെരഞ്ഞെടുപ്പ് പോലുള്ള വിവിധ പ്രവർത്തനങ്ങൾക്ക് പ്രദേശത്ത് എത്തിച്ചേരുന്നതിന് ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിന് വേണ്ടിയാണ് 25 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് നിലകളിലായി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണി പൂർത്തിയാക്കിയത്.
പരിപാടിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ മോളി തോമസ്, ജോസ് തോമസ് മാവറ, എഡിഎം പി സുരേഷ്, താമരശ്ശേരി തഹസിൽദാർ കെ ഹരീഷ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.
إرسال تعليق