ആലപ്പുഴ: രക്തസാക്ഷികളുടെ ചോരവീണ മണ്ണിൽ, അവർ അന്തിയുറങ്ങുന്ന പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ ഏതാനും മണിക്കൂറുകൾക്കകം കേരളത്തിന്റെ ജനപ്രിയ നേതാവ് വി.എസ് എത്തും. ഏറ്റുവാങ്ങാൻ ചുവന്ന പുഷ്പദളങ്ങളാൽ അലങ്കരിച്ച ചിതയൊരുങ്ങി. മുൻനിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിച്ച്, വെയിലും മഴയും വകവെക്കാതെ കാത്തിരുന്ന ജനലക്ഷങ്ങളുടെ യാത്രാമൊഴി ഏറ്റുവാങ്ങിയാണ് വി.എസിന്റെ അന്ത്യയാത്ര.

വി.എസിന്റെ ഭൗതികശരീരം സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽനിന്ന് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂറോളം പിന്നിട്ടാണ് ജന്മനാട്ടിലെത്തിയത്.

തലസ്ഥാനത്ത് നിന്ന് പുന്നപ്രയിലേക്ക് 151 കിലോമീറ്ററാണ് ദൂരം. സാധാരണ 3.5 മണിക്കൂർ കൊണ്ട് ബസുകൾ ഓടിയെത്തുന്ന അകലം. പക്ഷേ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് കൈമാറി, മുറിയാത്ത മുദ്രാവാക്യങ്ങളുടെ ചിറകിൽ വി.എസിനെ ജൻമനാട്ടിലെത്തിച്ചപ്പോഴേക്കും പുറപ്പെട്ടിട്ട് 22 മണിക്കൂർ പിന്നിട്ടിരുന്നു. അത്രമാത്രം വൈകാരികവും ഐതിഹാസികവുമായിരുന്നു വിലാപ പ്രയാണം.

പ്രത്യേകം തയാറാക്കിയ കെ.എസ്.ആർ.ടി.സി ബസിൽ ദർബാർ ഹാളിൽ നിന്ന് പുന്നപ്രയിലേക്കുള്ള വിലാപയാത്ര ഇന്നലെ ഉച്ചക്ക് 2.15നാണ് ആരംഭിച്ചത്. മകൻ അരുൺകുമാർ, എം.വി. ജയരാജൻ, വി. ജോയി, പുത്തലത്ത് ദിനേശൻ എന്നിവരാണ് ബസിലുണ്ടായിരുന്നത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേർ അനുഗമിച്ചു. സ്റ്റാച്യുവിൽ നിന്ന് പുറപ്പെട്ട് ആദ്യത്തെ ആറ് കിലോമീറ്റർ പിന്നിടാനെടുത്തത് നാല് മണിക്കൂറാണ്. 10 കിലോമീറ്ററിൽ താഴെയായിരുന്നു വാഹനത്തിന്‍റെ വേഗത. അതായത് നടന്നു പോകുന്നതിനേക്കാൾ കുറഞ്ഞ വേഗം മാത്രം.


നഗരത്തിലെ ആൾക്കൂട്ടം മൂലമാണ് ഈ വൈകലെന്ന് കരുതിയെങ്കിലും നഗരാതിർത്തി പിന്നിട്ടിട്ടും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തലസ്ഥാന ജില്ലയിൽ 29 പോയിന്‍റുകളാണ് നിശ്ചയിച്ചിരുന്നതെങ്കിൽ പ്രയാണം തുടങ്ങി മിനിട്ടുകൾക്കുള്ളിൽ അതെല്ലാം അപ്രസക്തമായി. ആൾക്കൂട്ടം ദേശീയപാതയിലേക്ക് ഒഴുകിപരന്നതോടെ ഓരോ പോയിന്‍റും അനുശോചന കേന്ദ്രങ്ങളായി.

തലസ്ഥാന ജില്ല പിന്നിടാനെടുത്തത് 10 മണിക്കൂറാണ്. കൊല്ലത്തേക്ക് കടന്നപ്പോഴേക്കും പെരുമഴ. പ്രായമായവരടക്കം തലയിൽ തുണി കെട്ടിയും കുടചൂടിയും കാത്തുനിൽപ്പുണ്ട്. പുലർച്ചെ 3.30 ന് ചിന്നക്കടയിലേക്കെത്തിയതോടെ മഴ വീണ്ടും ശക്തമായി. പക്ഷേ ഇതെല്ലാം അവഗണിച്ച് ആയിരങ്ങൾ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. അഞ്ച് മിനിട്ടോളം ബസ് ഇവിടെ നിർത്തിയിട്ടു. ശക്തികുളങ്ങര പിന്നിട്ട് നീണ്ടകരയിലേക്കെത്തിയപ്പോഴേക്കും പുലർച്ചെ 4.45. ചവറ കഴിഞ്ഞ് കരുനാഗപ്പള്ളിയായപ്പോഴേക്കും നേരം പുലർന്നിരുന്നു. 7.30 ഓടെ കായംകുളത്തേക്ക്. എട്ടിന് നങ്ങ്യാർകുളങ്ങര. വണ്ടാനം എത്തിയപ്പോഴേക്കും 11.15. ജൻമനാടിലേക്കെത്തിയപ്പോഴേക്കും ഉച്ചയ്ക്ക് 12 പിന്നിട്ടിരുന്നു.

ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ നിന്ന് അന്തിമോപചാരം അര്‍പ്പിക്കാൻ ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോയി. പിന്നാലെയാണ് റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിച്ചത്. ഇവിടെ നിന്ന് സംസ്കാരത്തിനായി വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

أحدث أقدم