തിരുവമ്പാടി :
ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍ ഇടിച്ചുവീഴാനും സാധ്യത ഏറെയാണ്. എന്നാല്‍, അപകടങ്ങള്‍ തടയാനും പ്രയാസമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് അഡ്വഞ്ചര്‍ ടൂറിസവും സംഘാടകരും അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025ല്‍ ഒരുക്കിയിരിക്കുന്നത്.


ജപ്പാനിലെ റെസ്‌ക്യൂ അംഗങ്ങള്‍ക്ക് വരെ പരിശീലനം നല്‍കിയ നേപ്പാളില്‍ നിന്നുള്ള ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ജില്ലയിലെ അഗ്‌നിരക്ഷ സേനയുടെ സ്‌ക്യൂബ ഡൈവിങ് വിഭാഗവും മത്സരങ്ങള്‍ക്കായി എത്തിയ കയാക്കേഴ്‌സും സുരക്ഷയൊരുക്കി സജീവമായുണ്ട്. 

എത്ര ഉയര്‍ന്ന് വെള്ളം എത്തിയാലും സുരക്ഷയൊരുക്കാനും അപകടമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറയുന്നു.
അഗ്‌നിരക്ഷാ സേനയുടെ മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിലെ 15 റെസ്‌ക്യൂ ഓഫീസര്‍മാരും 10 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും സജീവമായുണ്ട്. 

സ്‌ക്യൂബ ഉപകരണങ്ങള്‍ ഡിങ്കി ബോട്ട്, ആംബുലന്‍സ് എന്നിവയെല്ലാമായി സുസജ്ജമാണ് അഗ്‌നിരക്ഷ സേന. മത്സരങ്ങള്‍ കാണാനെത്തിയവര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള മൂന്ന് ദിവസത്തെ പരിശീലനം ഓഫീസര്‍മാര്‍ക്ക് ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. എല്ലാ പോയന്റ്‌റുകളിലും കയാക്കുകളുമായി നില്‍ക്കുന്ന വിദേശികള്‍ അടക്കമുള്ളവര്‍ മത്സരത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നു.

Post a Comment

أحدث أقدم