ഹൃദയം നുറുങ്ങുന്ന വേദനയിൽ മിഥുന് വിടചൊല്ലി ജന്മനാട്. ഇന്ന് രാവിലെ വിലാപയാത്രയായി മിഥുന്റെ മൃതദേഹം തേവലക്കര സ്കൂളിലേക്ക് എത്തിയത് മുതൽ ഹൃദയഭേദകമായ നിമിഷങ്ങൾക്കായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്.

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളിലായി എത്തിച്ചേർന്നത്.
രാവിലെ 11 . 30 ഓടെയാണ് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനത്തിന് എത്തിച്ചത്. സ്കൂളിൽ നടന്ന പൊതുദർശനത്തിൽ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം വൈകിട്ട് 4.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

വിദേശത്തായിരുന്ന മിഥുൻ്റെ അമ്മ സുജ എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ ഒൻപത്‌ മണിയോടെ എത്തിയിരുന്നു. വികാര നിർഭരമായ രംഗങ്ങളായിരുന്നു എയർപോർട്ടിൽ ഉണ്ടായത്.

വ്യാഴാഴ്ച രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിൽ ചെരുപ്പെറിഞ്ഞ്‌ കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ്‌ ഷെഡിനു മുകളിൽ തങ്ങി. ഇതെടുക്കാൻ ക്ലാസിൽനിന്ന്‌ ബെഞ്ചും ഡെസ്‌കും ചേർത്തിട്ട്‌ മിഥുൻ അതിൽ കയറി. മുകൾജനാലയുടെ തടികൊണ്ടുള്ള മറ ഇളക്കിമാറ്റി അതിലൂടെ തകരഷെഡിന് മുകളിലേക്കു കയറിയപ്പോഴാണ്‌ മിഥുന്‌ ഷോക്കേറ്റത്‌. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ്‌ ലൈനിൽ പിടിച്ചതാണ്‌ അപകടകാരണം. ബഹളംകേട്ട്‌ ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم