ന്യൂഡല്‍ഹി: 
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം. രണ്ട് കേസുകളിലാണ് സുപ്രീംകോടതി ഇ.ഡിയെ കുടഞ്ഞത്. മുഡ ഭൂമിതട്ടിപ്പ് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും കര്‍ണാടക മന്ത്രിക്കും നല്‍കിയ സമന്‍സ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.


'ദയവായി ഞങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്. അല്ലാത്തപക്ഷം, ഇഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. നിര്‍ഭാഗ്യവശാല്‍, എനിക്ക് മഹാരാഷ്ട്രയില്‍ ചില അനുഭവങ്ങളുണ്ട്. നിങ്ങള്‍ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുത്. രാഷ്ട്രീയ പോരാട്ടങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നത്' ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിനോടായി പറഞ്ഞു. ഇഡിയുടെ അപ്പീല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

കക്ഷികള്‍ക്ക് ഉപദേശം നല്‍കിയതിന് അഭിഭാഷകര്‍ക്ക് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ടുള്ള സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലും സുപ്രീംകോടതിയി ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചു. സീനിയര്‍ അഭിഭാഷകരായ അരവിന്ദ് ദതാര്‍, പ്രതാപ് വേണുഗോപാല്‍ എന്നിവര്‍ക്കാണ് ഇഡി നോട്ടീസയച്ചത്. ഈ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന്
കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗാവയിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേത് തന്നെയാണ് നിരീക്ഷണം. തെറ്റായ ഉപദേശമാണ് നല്‍കിയതെങ്കില്‍ പോലും ഉപദേശം നല്‍കിയതിന് എങ്ങനെ അഭിഭാഷകരെ വിളിച്ച് വരുത്താനാകുമെന്ന് കോടതി ചോദിച്ചു.

ഇഡിയുടെ ഈ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അറ്റോണി ജനറല്‍ ആര്‍.വെങ്കടരമണി കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും അദ്ദേഹത്തോട് യോജിച്ചു.

Post a Comment

أحدث أقدم