രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് മുന്നിലേ കെപിസിസി നേതൃത്വത്തിന് മുന്നിലോ ബാധിക്കപ്പെട്ട പെണ്‍കുട്ടികളിലാരെങ്കിലും ഒരു പരാതിയെങ്കിലും നല്‍കിയാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റാനുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. അങ്ങനെയല്ലാത്ത പക്ഷം അധ്യക്ഷസ്ഥാനത്ത് തുടരും.


പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. കെപിസിസി പുനഃസംഘടനക്കൊപ്പം രാഹുലിനെതിരെ നടപടിക്കും സാധ്യതയുണ്ട്. എന്നാല്‍, എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിട്ടുണ്ട്. പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കി. ഹൈക്കമാന്റിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. വസ്തുതയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കി.


അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുല്‍ മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്‌കര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നല്‍കിയെങ്കിലും ഷാഫി അത് അവഗണിച്ചെന്നും ഹണി ഭാസ്‌കര്‍ ആരോപിച്ചു.
 

Post a Comment

Previous Post Next Post