ഗസ്സ : ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്നലെ ആരംഭിച്ച കരയാക്രമണം ഇസ്രായേൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുയാണ്. ഇന്ന് മാത്രം 12 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ആഗോളതലത്തിൽ നിന്നും വലിയ സമ്മർദം ഉയരുന്നുണ്ടെങ്കിലും ഗസ്സയിലെ കരയാക്രമണത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
ഗസ്സയിൽ നിന്നും പുറത്തുകടക്കാൻ ഫലസ്തീനികൾക്ക് വേണ്ടി പുതിയൊരു റൂട്ട് കൂടി ഇസ്രായേൽ തുറന്ന് നൽകി. സലാഹ്-അൽ ദിൻ തെരുവിലൂടെയുളള റൂട്ടാണ് ഇസ്രായേൽ തുറന്ന് നൽകിയത്. 48 മണിക്കൂർ സമയത്തേക്ക് മാത്രമായിരിക്കും പാത തുറന്ന് നൽകുകയെന്ന് ഇസ്രായേൽ ഭരണകൂടം അറിയിച്ചു. അതേസമയം, ഗസ്സയിൽ നിന്നുള്ള ആളുകളുടെ കൂട്ടപലായനം തുടരുകയാണ്.
ഗസ്സ കത്തുകയാണെന്ന് ഇസ്രായേൽ: വൻ കരയാക്രമണം ആരംഭിച്ചു
ഗസ്സ സിറ്റി: ഗസ്സയിൽ കരയാക്രമണത്തിന്റെ സുപ്രധാന ഘട്ടം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥൻ. 3,000ത്തോളം ഹമാസ് പോരാളികൾ ഇപ്പോഴും ഗസ്സ നഗരത്തിലുണ്ടെന്ന വാദമുയർത്തിയാണ് ഇസ്രായേൽ സൈന്യത്തിന്റെ സിവിലിയൻ കുരുതി.
ആകാശം, കടൽ, കര എന്നിവിടങ്ങളിൽ നിന്ന് നഗരം വലിയ തോതിൽ ആക്രമിക്കപ്പെടുന്നതായും വൻ സ്ഫോടനങ്ങൾ കണ്ടുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാൽനടയായോ വാഹനങ്ങളിലോ നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് പലായനം ചെയ്യുകയാണ്. പലയിടങ്ങളിലും മൃതദേഹങ്ങൾ ചിതറികിടക്കുന്നു.
രണ്ട് വർഷത്തെ യുദ്ധത്തിൽ തങ്ങൾ നേരിട്ട ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഫലസ്തീനികൾ ഇതിനെ വിശേഷിപ്പിക്കുന്നത്.
Post a Comment