നാലു വർഷം ചെലവഴിച്ചത്‌ 147 ലക്ഷം രൂപ.
വാസയോഗ്യമാക്കിയത്‌ 224 വീടുകൾ.

ഓമശ്ശേരി:2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന പുനരുദ്ധാരണത്തിന്‌ അനുവദിച്ച അമ്പത്‌ ലക്ഷം രൂപയുടെ 'സഫലം' പദ്ധതി അഞ്ചാം ഘട്ടത്തിന്‌ ഓമശ്ശേരിയിൽ തുടക്കമായി.ജനറൽ,പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നായി ഗ്രാമസഭ വഴി തെരഞ്ഞെടുക്കപ്പെട്ട 75 പേരുടെ വീടുകളാണ്‌ ഇപ്പോൾ പുനരുദ്ധരിക്കുന്നത്‌.ജനറൽ വിഭാഗത്തിന്‌ അമ്പതിനായിരം രൂപയും പട്ടിക ജാതി വിഭാഗത്തിന്‌ ഒരു ലക്ഷം രൂപയും വീതമാണ്‌ നൽകുക.ഈ മാസം 30 നുള്ളിൽ എഗ്രിമന്റ്‌ നടപടികൾ പൂർത്തീകരിക്കുന്ന മുറക്ക്‌ ജനറൽ വിഭാഗത്തിന്‌ 25000 രൂപയും പട്ടിക ജാതി വിഭാഗത്തിന്‌ 50000 രൂപയും അഡ്വാൻസായി നൽകും.ബാക്കി തുക നിർമ്മാണം പൂർത്തീകരിച്ച്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യ പത്രം ലഭിച്ചയുടനെയും കൈമാറും.

2021-22 ൽ തുടങ്ങിയ 'സഫലം'പദ്ധതിയിൽ കഴിഞ്ഞ നാലു വർഷങ്ങളിലായി 147 ലക്ഷം രൂപയാണ്‌ ഭവന പുനരുദ്ധാരണത്തിനായി പഞ്ചായത്ത്‌ ചെലവഴിച്ചത്‌.ജനറൽ,പട്ടിക ജാതി വിഭാഗങ്ങളിലുള്ള 224 ഗുണഭോക്താക്കൾ പദ്ധതി വഴി ആനുകൂല്യം നേടുകയും വീടുകൾ വാസ യോഗ്യമാക്കുകയും ചെയ്തു.ഇതിൽ 154 വീടുകൾ ജനറൽ വിഭാഗത്തിന്റേതും  70 വീടുകൾ പട്ടിക ജാതി വിഭാഗത്തിന്റേതുമാണ്‌.നിലവിലെ അഞ്ചാം ഘട്ടം രണ്ട്‌ മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതോടെ  വാസ യോഗ്യമാക്കിയ ഭവനങ്ങളുടെ എണ്ണം 299 ആയി ഉയരും.

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗുണഭോക്താക്കളുടെ സംഗമത്തിൽ വെച്ച്‌  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ 'സഫലം'അഞ്ചാം ഘട്ടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,കെ.ആനന്ദ കൃഷ്ണൻ,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,നിർവ്വഹണ ഉദ്യോഗസ്ഥൻ വില്ലേജ്‌ എക്സ്റ്റൻഷൻ ഓഫീസർ കെ.മുഹമ്മദ്‌ ഹാഫിസ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ ഭവന പുനരുദ്ധാരണ പദ്ധതിയുടെ അഞ്ചാം ഘട്ടം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഗുണഭോക്താവിന്‌ രേഖകൾ കൈമാറി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post