മുക്കം ; യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തിരുവമ്പാടി മണ്ഡലത്തോട് കടുത്ത അവഗണയാണുണ്ടായത്.പത്ത്  വർഷത്തിന് ശേഷം തിരുവമ്പാടി യുടെ പേര് വരാത്ത ബജറ്റാണ് ഇന്നലെ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പേരിന് പോലും ബജറ്റിൽ ഇടം കിട്ടാത്ത മണ്ഡലമായി തിരുവമ്പാടി മാറി .


മണ്ഡലത്തിലെ സ്വപ്ന പദ്ധതിയായ തുരങ്കപാതയെ സംബന്ധിച്ചോ, എന്‍.എച്ച് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടുന്നതിനെ സംബന്ധിച്ചോ ബജറ്റിൽ പരാമർശം പോലും ഇല്ലാത്തത് യു.ഡി.എഫ് സർക്കാർ ഈ പദ്ധതിയെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതിന് തെളിവാണ്.

മുൻ എല്‍.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ച തുകയല്ലാതെ ഒരു രൂപ പോലും പുതിയതായി അനുവദിക്കാൻ പുതിയ ബജറ്റിലൂടെ യു.ഡി.എഫി ന് സാധിച്ചിട്ടില്ല.

മുൻ എല്‍.ഡി.എഫ് സർക്കാരിന്റെ ബജറ്റിൽ അഗസ്ത്യമുഴിയിലും, മണാശ്ശേരിയിലും ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ അഗസ്ത്യമുഴി, മണാശ്ശേരി ജംഗ്ഷൻ വികസനം എന്ന പേരിൽ 5 കോടിയും,പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ- മാപ്പിളപറമ്പ്‌- പയോണ റോഡിന് 4 കോടിയും,ആര്‍.ഇ.സി മുത്തേരി റോഡിന് 2.5 കോടിയും, കാരശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം ( മുരിങ്ങംപുറായി)
 2 കോടിയും അനുവദിച്ചിരുന്നു. 16 പദ്ധതികൾ ടോക്കൺ ആയി ഉൾപ്പെടുത്തുകയും ചെയ്തു.

എന്നാൽ യു.ഡി.എഫ് സർക്കാർ ഈ ബജറ്റിൽ കുറച്ചു പദ്ധതികൾ കൂടി ടോക്കൺ ആയി ഉൾപ്പെടുത്തി എന്നല്ലാതെ ഒരു പദ്ധതിക്ക് പോലും തുക അനുവദിച്ചിട്ടില്ല എന്നത് മണ്ഡലത്തോടുള്ള അവഗണനയാണ്.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനും നഷ്ടപരിഹാരം നൽകാനും , ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന 78 മണ്ഡലങ്ങൾക്കായി ആകെ അനുവദിക്കപ്പെട്ട തുകയാണ് 192 കോടി. അത് തിരുവമ്പാടിക്ക് മാത്രമായി ലഭ്യമായതാണ് എന്ന നിലയിൽ പ്രചാരണം തിരുവമ്പാടിക്കാരെ വഞ്ചിക്കുന്നത്തിന് തുല്യമാണ്.

ഇതിൽ തിരുവമ്പാടിക്ക് എത്ര ലഭ്യമാവും എന്നതാണ് വ്യക്തമാക്കേണ്ടുന്നത്. പ്രധാന പദ്ധതികളായി ചൂണ്ടിക്കാട്ടിയ ടൂറിസം സർക്യൂട്ട്, മുക്കം ട്രാൻസ്പോർട്ട് ഹബ്,തിരുവമ്പാടി റിംഗ് റോഡ് എന്നിവക്ക് ബജറ്റിൽ പണം അനുവദിച്ചിട്ടില്ല. ടോക്കൺ ആയി ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തത്.

തിരുവമ്പാടി ഇക്കണോമിക് സോൺ എങ്ങനെ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നും, പ്രാരംഭ പ്രവർത്തങ്ങൾക്കെങ്കിലും പണം ബജറ്റിൽ അനുവദിച്ചിട്ടുണ്ടോ എന്നും വ്യക്തമാകേണ്ടതുണ്ട്.

മുൻ എല്‍.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിനായി അനുവദിച്ച തുകയല്ലാതെ ഒരു രൂപ പോലും അനുവദിക്കാത്ത യു.ഡി.എഫ് ഗവൺമെന്റിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് തിരുവമ്പാടി മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 
മുൻ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് തിരുവമ്പാടി മണ്ഡലത്തോടുണ്ടായിരുന്ന അവഗണനയുടെ തുടർച്ചയാണ് ഇതും.
വികസന പ്രവർത്തനങ്ങൾ കൊണ്ട് കേരളത്തിൽ നിറഞ്ഞുനിന്ന തിരുവമ്പാടി മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് തളളിവിടാനുള്ള യു.ഡി.എഫ് നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്നും, വികസന പ്രവർത്തങ്ങൾക്കായി ഒറ്റക്കെട്ടായി തിരുവമ്പാടി മണ്ഡലത്തിലെ ജനങ്ങൾ അണിനിരക്കണമെന്നും സി.പി.ഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post