കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ ആൺ സുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്.
പ്രതി ബഷീറുദീനെതിരെ സുഹൃത്തുക്കളുടെ മൊഴി നിർണ്ണായകമാണ്. പെൺകുട്ടിയെ ആൺ സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിച്ചു, ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എൻ്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്നു ആയിഷ റഷ.
إرسال تعليق