തിരുവനന്തപുരം:
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 4600 ആളുകൾ സംഗമത്തിൽ പങ്കെടുത്തു. 3,000 ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സംഗമം നടന്ന സദസിലെതായി പുറത്തുവന്ന കാലിക്കസേരകളുടെ ചിത്രങ്ങൾ വേണമെങ്കിൽ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിക്കൂടേ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു. ചില മാധ്യമങ്ങളുടെ നേതൃത്വത്തിൽ വ്യാജപ്രചാരണം നടത്തുന്നു. ശുദ്ധ അസംബന്ധവും കളവും നാണവും മാനവുമില്ലാതെ പ്രചരിപ്പിക്കുകയാണ്.
ഓരോ സെഷനിലും എല്ലാവരും പങ്കെടുക്കണമെന്നാണോ പറയുന്നത്. മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി വാദിക്കുകയാണ്. ആളുകളെല്ലാം എല്ലാം കാണുന്നുണ്ടെന്നും എം.വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമല വികസന പദ്ധതികളിൽ നിർണായക തീരുമാനങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും ഒരേവേദിയിൽ അണിനിരത്താനായത് സർക്കാരിന്റെ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
കാര്യമായ ജനപങ്കാളിത്തം മുന്നിൽ കണ്ട് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും പല വേദികളിലും കസേരകളിൽ പകുതിയോളം ഒഴിഞ്ഞുകിടന്നത് സംഘാടകരെ നിരാശപ്പെടുത്തി. മേഖലയിലെ ചില അനാവശ്യ നിർമിതികൾ പൊളിക്കണമെന്നതിൽ കൂടുതൽ ഭേദഗതികൾ നേരത്തേ തയ്യാറാക്കിയ ശബരിമല മാസ്റ്റർ പ്ലാനിൽ വരുത്താനുണ്ടായില്ല. ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിത ബുദ്ധിയുടെ ഉപയോഗവും നിർദേശമായി മുന്നോട്ടുവെക്കപ്പെട്ടു. എല്ലാം മുന്നോട്ടുകൊണ്ടുപോകാൻ 18 അംഗ സമിതി രൂപീകരിച്ച് സംഗമം പിരിയുകയായിരുന്നു.
Post a Comment