ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം അപ്പാടെ ചോദ്യം ചെയ്താണ് ഹരജികൾ വന്നിട്ടുള്ളതെങ്കിലും വിവാദ നിയമത്തിലെ
മൂന്ന് ( ആർ), മൂന്ന് (സി), 14 വകുപ്പുകളാണ് ഹരജിക്കാർ അടിസ്ഥാനപരമായി ചോദ്യം ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ചൂണ്ടിക്കാട്ടി. 1923 മുതൽക്കുള്ള നിയമനിർമാണത്തിന്റെ ചരിത്രം പരിശോധിച്ച സുപ്രീംകോടതി ഓരോ വകുപ്പിലും പ്രഥമദൃഷ്ട്യാ ഉന്നയിച്ച എതിർപ്പ് കേട്ടുവെന്നും അതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ നിയമവും സ്റ്റേ ചെയ്യണമെന്ന് അഭിപ്രായമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാൽ, ഹരജിക്കാർ ചോദ്യം ചെയ്ത ചില വകുപ്പുകൾ സ്റ്റേ ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രഥമ ദൃഷ്ട്യാ ഉള്ളതാണെന്നും ഈ വിഷയങ്ങളിലും വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹരജികളിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
*വഖഫ് ചെയ്യാൻ അഞ്ചുവർഷം ഇസ്‍ലാം മതം അനുഷ്ഠിക്കേണ്ടതില്ല*
ഒരാൾക്ക് തന്റെ സ്വത്ത് വഖഫ് ആയി സമർപ്പിക്കാൻ അയാൾ അഞ്ചുവർഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വിവാദ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാൾ ഇസ്‍ലാം അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കി സർക്കാർ ചട്ടങ്ങൾ ഉണ്ടാക്കുന്നത് വരെയാണ്. അത്തരമൊരു സംവിധാനത്തിന്റെയും ചട്ടത്തിന്റെയും അഭാവം തർക്കങ്ങൾ ഉണ്ടാക്കുന്ന അധികാരപ്രയോഗത്തിന് വഴിവെക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി
*വഖഫ് തർക്കത്തിൽ കലക്ടർക്ക് തീർപ്പ് കൽപ്പിക്കാൻ പറ്റില്ല*
വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് തർക്കത്തിൽ കലക്ടർമാർ തീർപ്പ് കൽപ്പിക്കുന്നത് അധികാര വിഭജനത്തിന്റെ ലംഘനം ആയി മാറുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കലക്ടർക്ക് അത്തരം അധികാരം നൽകിയ വിവാദ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് ട്രൈബ്യൂണൽ വഖഫിന്റെ കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ മൂന്നാമതൊരു കക്ഷി തർക്കത്തിൽ ഇടപെടരുതെന്നും കലക്ടർമാരെ ഇടപെടുന്നത് വിലക്കി സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ അധികാരം ട്രൈബ്യൂണലിനായി.
*ബോർഡുകളിൽ അമുസ്‍ലിംകൾക്ക് പരിധി നിശ്ചയിച്ച് സുപ്രീംകോടതി*
സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്‍ലിം അംഗങ്ങളെ ഉൾപ്പെടുത്തിയത് റദ്ദാക്കാൻ സുപ്രീം കോടതി തയാറായില്ല. എന്നാൽ മൂന്നിലേറെ അമുസ്‍ലിംകൾ സംസ്ഥാന ബോർഡിലും നാലിലേറെ അമുസ്‍ലിംകൾ കേന്ദ്ര വഖഫ് കൗൺസിലിലും ഉണ്ടാകരുതെന്ന് ഉത്തരവിട്ടു. താൽക്കാലികമാണ് ഈ ഉത്തരവും.
*വഖഫ് രജിസ്ട്രേഷൻ സ്റ്റേ ചെയ്യാനാവില്ല*
എന്നാൽ വഖഫ് രജിസ്ട്രേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. മുമ്പുള്ള വഖഫ് നിയമങ്ങളും വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന് നിദ്ദേശിച്ചിട്ടുള്ളതാണെന്നും 1995ലെ നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന് നിശ്ചയിച്ച സമയപരിധി നീട്ടുന്ന കാര്യം ഉത്തരവിൽ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് കപിൽ സിബലിന് മറുപടി നൽകി.
Post a Comment