കോട്ടയം/മലപ്പുറം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം. കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിലും മലപ്പുറം വണ്ടൂരിനടുത്ത് കൂരിയാടുമാണ് അപകങ്ങളുണ്ടായത്. പാലക്കാട് പടിഞ്ഞാറങ്ങാടി സെന്‍ററിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.
കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിദ്ദീഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
അർധരാത്രിയിൽ തലപ്പാറ കൊങ്കിണിമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.
മലപ്പുറം വണ്ടൂരിനടുത്ത് കൂരിയാട് ഇന്നോവ കാർ മരിത്തിലിടിച്ച് സ്ത്രീ മരിച്ചു. ആയിഷ (62) ആണ് മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെ കൂരിയാട് പാലത്തിന് സമീപമായിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആയിഷയുടെ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് പഠനത്തിന് ചേർത്ത ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം. വീട്ടിലെത്തുന്നതിന് ഒന്നര കിലോമീറ്റർ അകലെ വെച്ചാണ് അപകടം നടന്നത്.
ആറു പേരിൽ രണ്ടു കുട്ടികൾക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇന്നോവ കാർ പൂർണമായി തകർന്നു.
പാലക്കാട് പടിഞ്ഞാറങ്ങാടി സെന്‍ററിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. എറണാകുളം സ്വദേശിയായ ഡ്രൈവർ സുദേവനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ ചാലിശ്ശേരിക്ക് സമീപമായിരുന്നു അപകടം.
പറക്കുളത്ത് നിന്ന് നിർമാണത്തിനാവശ്യമായ ടൈൽ പൗഡർ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ടാണ് ലോറി മറിഞ്ഞത്.
വെള്ളിയാഴ്ച രാത്രി ദേശീയപാത മലപ്പുറം തലപ്പാറയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ മരിച്ചിരുന്നു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. തിരൂർ വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. വേങ്ങര സ്വദേശി ഫഹദ് (24), താനൂർ പുത്തൻതെരു സ്വദേശി അബ്ബാസ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.
"തലപ്പാറ വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. കൊളപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിയന്ത്രണംവിട്ട് ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉസ്മാൻ സംഭവസ്ഥലത്തും ഷാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിലുമാണ് മരിച്ചത്.
ഫോട്ടോ:
തലയോലപ്പറമ്പ് തലപ്പാറയിലുണ്ടായ അപകടത്തിൽ തകർന്ന കാർ 2. വണ്ടൂരിനടുത്ത് കൂരിയാടിൽ മരിത്തിലിടിച്ച് തകർന്ന കാർ.
إرسال تعليق