ന്യൂഡൽഹി:
റഷ്യൻ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നും എണ്ണ വാങ്ങുമെന്ന് ഇന്ത്യ. ഇതിനുള്ള അനുമതി ട്രംപ് ഭരണകൂടം നൽകണമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇറാന് പുറമേ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. യു.എസിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ സംഘം ഇക്കാര്യം ചർച്ചകളിൽ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. പ്രധാന എണ്ണ ഉൽപാദകരായ റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നും ഒരേസമയം എണ്ണവാങ്ങാതിരുന്നാൽ അത് വില കുതിക്കുന്നതിന് കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, കേന്ദ്രസർക്കാറോ യു.എസ് ഉദ്യോഗസ്ഥരോ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. താരിഫ് സംബന്ധിച്ച ചർച്ചകൾക്കായാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം യു.എസിലെത്തിയത്. 2019ൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ റഷ്യയിൽ നിന്നും ഇന്ത്യ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് ഇന്ത്യക്കുമേൽ യു.എസ് അധിക തീരുവ ചുമത്തിയത്. അതേസമയം, അമേരിക്കയിൽ നിന്നുള്ള എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി കൂട്ടാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. തങ്ങൾക്ക് ഇന്ത്യക്കെതിരെ നീങ്ങാൻ താൽപര്യമില്ലെന്നും വിലക്കുറവ് കാരണമാണ് റഷ്യൻ എണ്ണ അവർ വാങ്ങുന്നതെന്നും യു.എസ് ഊർജ സെക്രട്ടറി ക്രിസ് റെറ്റ് പറഞ്ഞു.
യു.എസും യൂറോപ്യൻ യൂനിയനും റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്, ട്രംപിന്റെ വിമർശനത്തിൽ കാര്യമില്ല -ചൈന
'
ബെയ്ജിങ്: റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ചൈനയും ഇന്ത്യയും യുക്രെയ്നെതിരായ യുദ്ധത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങളായി മാറുകയാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനത്തിനെതിരെ ചൈന. യു.എസും യൂറോപ്യൻ യൂനിയനും റഷ്യയുമായി വ്യാപാര പങ്കാളിത്തം തുടരുന്നതിനാൽ യു.എസിന് ഇങ്ങനെ വിമർശിക്കാനുള്ള ധാർമികതയില്ലെന്ന് ചൈന ചൂണ്ടിക്കാട്ടി.
"റഷ്യയുമായുള്ള തങ്ങളുടെ കമ്പനികളുടെ വ്യാപാരം തടസ്സപ്പെടുത്തിയാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചൈന നിർബന്ധിതമാവുമെന്ന് വിദേശകാര്യ വക്താവ് ഗുവോ ജിയാകും മുന്നറിയിപ്പ് നൽകി. ചൈന-റഷ്യ കമ്പനികളുടെ ഇടപാടുകൾ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾക്കും വിപണി തത്ത്വങ്ങൾക്കനുസരിച്ചും മൂന്നാം കക്ഷികളുമായി ബന്ധമില്ലാത്തതുമായതിനാൽ ഇത് തടസ്സപ്പെടുത്താനോ സ്വാധീനിക്കാനോ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴാണ് റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ചൈനയും ഇന്ത്യയും യുക്രെയ്നെതിരായ യുദ്ധത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങളായി മാറുകയാണെന്ന് ട്രംപ് പറഞ്ഞത്.
Post a Comment