തിരുവനന്തപുരം:
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ. കരട് ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി. 1972ലെ കേന്ദ്ര നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്. സ്വകാര്യഭൂമിയിലെ ചന്ദനം വനംവകുപ്പ് വഴി മുറിച്ചു മാറ്റുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.
സംസ്ഥാനത്ത് ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങൾ ജനങ്ങളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന സാഹചര്യത്തിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലുമാണ് സർക്കാരിൻറെ നടപടി. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ 1972ലെ കേന്ദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന കരട് ബില്ലിലാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും ബില്ലിൽ ഉണ്ടാകും. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ടുവരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. ഈ സാഹചര്യത്തിൽ കേരള നിയമസഭ ബില്ല് പാസാക്കി, ഗവർണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി ബിൽ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുന്നത് വരെ നടപടി ക്രമം നീളും.
അക്രമകാരികളായ വന്യ മൃഗങ്ങളെ കൊല്ലുന്നതിനു വേണ്ടിയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയും വലിയ സമ്മർദ്ദം സംസ്ഥാനം കേന്ദ്രത്തിൽ ചെലുത്തിയെങ്കിലും ആനുകൂല നിലപാട് ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് കേരളം നിയമ ഭേദഗതിയിലൂടെ ജനങ്ങൾക്കായുള്ള പോരാട്ടം തുടരാൻ തീരുമാനിച്ചത്.
ഇതിനു പുറമെ സ്വകാര്യ ഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം അംഗീകരിച്ചു. വിൽപ്പന നടത്തുന്നതിന്റെ വില കർഷകന് ലഭിക്കുന്ന രീതിയിലാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. രണ്ട് ബില്ലുകളും തിങ്കളാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്കും വന്യജീവി ആക്രമണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്കും വലിയ ആശ്വാസം പകരുന്ന തീരുമാനമാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്.
Post a Comment