ന്യൂഡല്‍ഹി:
രണ്ടാം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യ ഘട്ടമായി ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായി നടപ്പാക്കി. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ നാലിനു നടപടിക്രമം ആരംഭിക്കുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
തെറ്റുകളോ ഇരട്ടിപ്പുകളോ തിരിച്ചറിഞ്ഞ് വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 1951 മുതല്‍ എട്ട് തവണ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അവസാനമായി നടന്നത് 2002 നും 2004 നും ഇടയിലാണ്. 21 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
'ഇന്ന് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു, വിജയകരമായ എസ്ഐആറില്‍ പങ്കെടുത്ത 7.5 കോടി വോട്ടര്‍മാരെ വണങ്ങുന്നു. കമ്മീഷന്‍ 36 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും പ്രക്രിയയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ബീഹാറിലെ 90,000-ത്തിലധികം പോളിംഗ് ബൂത്തുകളില്‍ അപ്പീലുകള്‍ ഒന്നുമില്ലാതെ വിജയകരമായി വോട്ടര്‍ പട്ടിക പരിശോധന നടന്നു. ബിഹാറിലെ വോട്ടര്‍മാരുടെ പങ്കാളിത്തം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ശക്തമായ ഒരു മാതൃകയാണ്,'- ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശരാശരി, 1,000 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (BLO) എന്ന നിലയില്‍ നിയമിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) ഉണ്ടായിരിക്കും. ഇവരെ സഹായിക്കാന്‍ നിരവധി അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാരും ഉണ്ടാവും. പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള വോട്ടര്‍ പട്ടികയില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

إرسال تعليق