110 വീടുകൾ പൂർത്തീകരിച്ചു.
65 എണ്ണം പുരോഗമിക്കുന്നു
ഓമശ്ശേരി: ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി നാലര വർഷം കൊണ്ട് ഓമശ്ശേരി പഞ്ചായത്തിൽ 4 കോടി 40 ലക്ഷം രൂപ ചെലവഴിച്ച് 110 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.65 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.ഇതിനായി 2 കോടി 60 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.ഇവയുടെ പ്രവൃത്തികൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കും.ഇതിന്റെ നിർമ്മാണം കൂടി കഴിയുന്നതോടെ നിലവിലെ ഭരണസമിതിയുടെ കാലയളവിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണം 175 ആയി ഉയരും.ഇതിൽ പട്ടിക ജാതി വിഭാഗത്തിന് 107 ഉം പട്ടിക വർഗ്ഗ വിഭാഗത്തിന് 3 ഉം ജനറൽ വിഭാഗത്തിന് 65 ഉം വീടുകളാണുള്ളത്.ഭവന രഹിതരുടെ ലിസ്റ്റിൽ നിന്ന് 166 പേരേയും ഭൂരഹിത ഭവന രഹിതരിൽ നിന്ന് 9 പേരേയുമാണ് ഇതുവരെ പരിഗണിച്ചത്.
387 ഭവന രഹിതരും 91 ഭൂരഹിത ഭവന രഹിതരുമുൾപ്പടെ ആകെ 478 പേരാണ് ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിലുള്ളത്.ഇതിലുള്ള 175 പേർക്കാണ് മുൻഗണന പ്രകാരം ഇതുവരെ ഫണ്ടനുവദിച്ചത്.ബാക്കിയുള്ള 303 പേരിൽ പൂർണ്ണമായും അർഹതാ യോഗ്യതയുള്ള 80 കുടുംബങ്ങൾക്ക് കൂടി വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകാനാണ് പഞ്ചായത്ത് ഭരണസമിതി ഇപ്പോൾ തീരുമാനമെടുത്തത്.ഇതിനുള്ള നടപടിക്രമങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ലൈഫ് ഗുണഭോക്തൃ സംഗമത്തിൽ വെച്ച് ഗുണഭോക്താവിൽ നിന്നും എഗ്രിമന്റ് രേഖകൾ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ പുതുതായി നൽകുന്ന വീടുകളുടെ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,കെ.പി.രജിത,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കെ.ആനന്ദകൃഷ്ണൻ,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,ലൈഫ് ഭവന പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി.പി.ഉനൈസ് അലി എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പുതുതായി നിർമ്മിക്കുന്ന 80 ലൈഫ് ഭവനങ്ങളുടെ പ്രവർത്തനങ്ങൾ ഗുണഭോക്താവിൽ നിന്നും രേഖകൾ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment