പാലക്കാട്:
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ അർജുൻ ഉൾപ്പെടെ 4 കുട്ടികൾ തമ്മിൽ മെസേജ് അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ സ്കൂൾ അധികൃതർ ഇടപെട്ടിരുന്നു. ഇതിനെത്തുടർന്ന് ക്ലാസ് ടീച്ചറായ ആശ അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി സഹപാഠികൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് അർജുനെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു. അവിടെവെച്ച് പ്രധാനാധ്യാപികയായ ലിസിക്കൊപ്പം ആശയും അർജുനെ തല്ലിയെന്നും അത് കഴിഞ്ഞ്, ക്ലാസിൽ എത്തിയപ്പോൾ താൻ മരിക്കാൻ പോകുകയാണെന്നും ഇത് ലാസ്റ്റ് ആണെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചെന്നും സഹപാഠി മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂൾ വിട്ടിറങ്ങിയ അർജുൻ യൂണിഫോമിൽ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബക്കാരും അർജുനെ പല വിഷയങ്ങളിലും കുറ്റപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറഞ്ഞു. കുറ്റക്കാരിയായ അധ്യാപികക്കെതിരെ കടുത്ത നടപടികൾ വേണമെന്നാവശ്യപ്പെട്ട് സ്കൂളിലെ വിദ്യാർഥികൾ പ്രതിഷേധവുമായിയിറങ്ങി. പ്രധാനാധ്യാപിക വിഷയത്തിൽ അധ്യാപികയെ ന്യായീകരിക്കുകയാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. എസ്എഫ്ഐയും വിഷയത്തിൽ കുറ്റക്കാരിയായ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചു.
"തുടർന്ന് ഡിവൈഎസ്പി എസ് ഷംസുദീൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ സ്കൂൾ മാനേജർ കെ ആർ കൊച്ചുകൃഷ്ണൻ പ്രധാനാധ്യാപിക യു ലിസി, അധ്യാപിക ആശ എന്നിവരെ സസ്പെൻഡ് ചെയ്തതായും തുടർനടപടികൾ സർക്കാർ വകുപ്പ്തല നിർദേശങ്ങൾക്കനുസരിച്ച് തീരുമാനിക്കുമെന്നും അറിയിച്ചു. ഇതോടെ വിദ്യാർഥികൾ പ്രക്ഷോഭത്തിൽ നിന്നും പിന്മാറി. സ്കൂൾ ചൊവ്വാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു.
ഫോട്ടോ.
അർജുന്റെ സഹപാഠികൾ മാധ്യമങ്ങളോട് സംസാരിക്കുന്നു, മരിച്ച അർജുൻ
Post a Comment