ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്ന് നിരവധി അന്വേഷണ പ്രക്രിയകളിലൂടെ 121 കുടുംബങ്ങളെയായിരുന്നു അതിദരിദ്രരായി കണ്ടെത്തിയത്‌.ഇവരുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പദ്ധതികളാണ്‌ ആസൂത്രണം ചെയ്ത്‌ നടപ്പിൽ വരുത്തിയത്‌.

അതിദരിദ്രരിലെ 27 കുടുംബങ്ങൾക്ക്‌ വീടിന്‌ 4 ലക്ഷം രൂപ വീതം 1 കോടി 8 ലക്ഷം രൂപ ഫണ്ടനുവദിച്ചിട്ടുണ്ട്‌.ഇതിൽ 18 വീടുകളുടെ നിർമ്മാണം പൂർത്തിയായി.9 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌.4 കുടുംബങ്ങൾക്ക്‌ വീട്‌ വെക്കാനുള്ള സ്ഥലവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്‌.3 കുടുംബങ്ങൾക്കുള്ള സ്ഥലത്തിനുള്ള 7.50 ലക്ഷം രൂപ പഞ്ചായത്ത്‌ ഭരണസമിതിയുടെ ശ്രമഫലമായി കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ്‌ നൽകിയത്‌.ഒരു കുടുംബത്തിന്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചാണ്‌ സ്ഥലം കണ്ടെത്തിയത്‌.7.50 ലക്ഷം രൂപ ചെലവഴിച്ച്‌ ഇതിനകം 14 അതിദരിദ്രരുടെ വീടുകൾ പുനരുദ്ധരിച്ചു.വിദ്യാർത്ഥികളുള്ള പട്ടികജാതി വിഭാഗത്തിലെ ഒരു അതിദരിദ്ര കുടുംബത്തിന്‌ 2 ലക്ഷം രൂപ വിനിയോഗിച്ച്‌ പഠന മുറിയും പൂർത്തീകരിച്ചിട്ടുണ്ട്‌.ചികിൽസാ-സഹായ പാക്കേജുകളും തൊഴിൽ ഉപകരണങ്ങളും അതിദരിദ്രർക്കായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ നൽകിയിട്ടുണ്ട്‌.വിശേഷാവസരങ്ങളിൽ അതി ദരിദ്ര കുടുംബങ്ങൾക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി ഭക്ഷ്യക്കിറ്റുകൾ വീട്ടിലെത്തിച്ച്‌ നൽകിയിരുന്നു.

പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഓമശ്ശേരിയെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,എം.ഷീല,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,വില്ലേജ്‌ എക്സ്റ്റൻഷൻ ഓഫീസർ മാരായ കെ.മുഹമ്മദ്‌ ഹാഫിസ്‌,സി.പി.ഉനൈസ്‌ അലി,ഹെഡ്‌ ക്ലാർക്ക്‌ പി.ഷീന എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയെ അതിദരിദ്ര മുക്ത പഞ്ചായത്തായി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ പ്രഖ്യാപിക്കുന്നു.

Post a Comment

أحدث أقدم