ഓമശ്ശേരി:
കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌ കട്ട്‌ കോഴി അറവ്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ധിക്കാര സമീപനത്തിനെതിരെയും ശുദ്ധ വായുവും ശുദ്ധ ജലവും നിഷേധിക്കുന്നതിനെതിരെയും സമരം ചെയ്ത നൂറു കണക്കിന്‌ മനുഷ്യരെ വേട്ടയാടുന്ന പോലീസ്‌ ഭീകരതക്കും കൊടിയ അനീതിക്കുമെതിരെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ മഹാത്മാ ഗാന്ധി പ്രതിമക്ക്‌ മുമ്പിൽ സംഘടിപ്പിച്ച ജന പ്രതിനിധികളുടെ പ്രതിഷേധ സംഗമത്തിൽ രോഷമിരമ്പി.

വർഷങ്ങളായി സമാധാനപരമായ മാർഗ്ഗത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന നാലു പഞ്ചായത്ത്‌ പരിധിയിലെ ആയിരങ്ങളുടെ ജീവിക്കാനുള്ള സഹന സമരത്തെ അക്രമാസക്തമാക്കിയതിലെ ദുരൂഹത വെളിച്ചത്ത്‌ കൊണ്ടുവരണമെന്നും സിറ്റിംഗ്‌ ജഡ്‌ജിയെക്കൊണ്ട്‌ ജുഡീഷ്യൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത്‌ കൊണ്ടു വരണമെന്നും പ്രതിഷേധ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ദാരുണമായ സംഭവത്തെ തുടർന്ന് ഫ്രഷ്‌ കട്ട്‌ സ്ഥാപനത്തിന്റെ പരിസരങ്ങളിലെ നിരവധി ഗ്രാമങ്ങൾ പോലീസ്‌ ഭീകരതയിൽ വിജനമായിരിക്കുകയാണെന്നും രാപ്പകൽ ഭേദമന്യേ അന്വേഷണത്തിന്റെ പേരിൽ പോലീസ്‌ നടത്തുന്ന മനുഷ്യത്വ രഹിതമായ ചെയ്തികൾ നീതീകരിക്കാനാവില്ലെന്നും ഭീതി പരത്തി സമരം ഇല്ലായ്മ ചെയ്യാമെന്നുള്ള ചിലരുടെ ധാരണ മൗഢ്യമാണെന്നും ഫ്രഷ്‌ കട്ട്‌ ഇരകളോടൊപ്പം ചേർന്നു നിൽക്കുമെന്നും പ്രമേയം പ്രസ്താവിച്ചു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,മൂസ നെടിയേടത്ത്‌,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി നേതൃത്വം നൽകി.

ഫോട്ടോ:ഫ്രഷ്‌ കട്ട്‌ ഇരകൾക്ക്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും പോലീസ്‌ ഭീകരതക്കെതിരെയും ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم