താമരശ്ശേരി : ഫ്രഷ് കട്ട് സംഘർഷത്തിൽ വീണ്ടും കേസ്.സ്ഥാപനത്തിലെ ജീവനക്കാരൻ രാജിന്റെ പരാതിയിൽ സമരസമിതി പ്രവർത്തകരായ 28 പേരെ പ്രതിചേർത്താണ് കേസെടുത്തത്.
കമ്പി വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആർ. പരുക്കേറ്റ രാജിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഫ്രഷ് കട്ട് സമരത്തിൽ 6 എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതി പട്ടികയിൽ ഉള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് താമരശ്ശേരി പൊലീസ്. താമരശ്ശേരി കരിമ്പാലൻകുന്നിലെ വീട്ടുകളിൽ പ്രതികളെ തിരഞ്ഞുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യാപക റെയ്ഡ് നടന്നു.
ഇന്നലെ അർധരാത്രിയിലാണ് റെയ്ഡ് നടന്നത്. 300 ൽ അധികം പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് ശേഖരിച്ച മറ്റു ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, സമരത്തിൽ ബാഹ്യഇടപെടൽ ഉണ്ടായതായും എസ്ഡിപിഐ പ്രവർത്തകർ നുഴഞ്ഞുകയറി ആക്രമണം നടത്തി എന്നുമാണ് സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട ആരോപണം. സംഘർഷത്തിൽ ഗൂഢാലോചന നടന്നെന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ എം കെ മുനീറിൻ്റെ ആരോപണം.
സമരക്കാരെ പ്രത്യേക വിഭാഗത്തിൻറെ പേരിൽ ചാപ്പ കുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
സമരം അക്രമാസക്തമാക്കാൻ ആരോ പ്രവർത്തിച്ചെന്ന് യുഡിഎഫും എസ്ഡിപിഐ ആണ് ആക്രമണത്തിന് പിന്നിൽ എന്ന് എൽഡിഎഫും ആരോപണം ഉന്നയിക്കുമ്പോൾ ഈ അക്രമ സംഭവം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.
Post a Comment