ഓമശ്ശേരി:
ഓമശ്ശേരി ഗവ:ഫാമിലി ഹെൽത്ത്‌ സെന്റർ(കുടുംബാരോഗ്യ കേന്ദ്രം)ഇനി സ്മാർട്ടാണ്‌.ഇ.ഹെൽത്ത്‌ പദ്ധതിക്ക്‌ തുടക്കമായതോടെ ഒ.പി.ടിക്കറ്റ് മുതൽ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നത് വരെ  പൊതു ജനങ്ങൾക്ക്‌ വേഗത്തിലും കൃത്യതയോടെയുമുള്ള ഇലക്ട്രോണിക്‌ സേവനങ്ങൾ ഇവിടെ ലഭ്യമായിത്തുടങ്ങി.രോഗവിവരങ്ങൾ,ലാബ് റിസൾട്ടുകൾ,മരുന്ന് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇലക്ട്രോണിക് റെക്കോർഡുകളായി മാറുന്നതോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും കടലാസ് രഹിതമാവും.ഇ.ഹെൽത്ത്‌ പദ്ധതിയിലൂടെ രോഗികൾക്ക്‌ സമയലാഭം ലഭിക്കുന്നതോടൊപ്പം രോഗി സൗഹൃദമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പ്‌ വരുത്തുകയും ചെയ്യുന്നു.

ഇ-ഹെൽത്ത്‌ പദ്ധതി പ്രാവർത്തികമായതോടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓരോരുത്തർക്കും ഏകീകൃത ആരോഗ്യ തിരിച്ചറിയാൻ കാർഡ്(യു.എച്ച്‌.ഐ.ഡി)ലഭ്യമാവും.ഈ കാർഡ് ഇ.ഹെൽത്ത്‌ സംവിധാനമുള്ള കേരളത്തിലെ സർക്കാർ പൊതുജനരോഗ്യകേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ കഴിയും.ഇതു വഴി രോഗിയുടെ പൂർണ്ണ വിവരങ്ങൾ അതത്‌ ആശുപത്രികൾക്ക്‌ മനസ്സിലാക്കാൻ സാധിക്കും.മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാവുന്നതോടെ തുടർ ചികിൽസയും വിദഗ്ധ ചികിത്സയും വളരെ എളുപ്പത്തിൽ  സാദ്ധ്യമാവുന്നതിന്‌ ഇത്‌ സഹായകമാവും.വീട്ടിലിരുന്ന് തന്നെ ഒ.പി.ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാനുള്ള സേവനവും ഇ -ഹെൽത്ത് വഴി നടപ്പിലാക്കുന്നുണ്ട്‌.കേരളത്തിലെ പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജ് വരെ ഒരു ഏകീകൃത ശൃംഖല വഴി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌.

ഇ.ഹെൽത്ത്‌ വഴി അഡ്വാൻസ് അപ്പോയിന്മെന്റുകൾക്കുള്ള ഓൺലൈൻ പെയ്മെൻറ് സംവിധാനം,അതത്  ദിവസത്തെ ഒ.പി.ടിക്കറ്റ് എടുക്കാവുന്ന സ്കാൻ.എൻ.ബുക്‌ സിസ്റ്റം,മീ ഹെൽത്ത്‌  മൊബൈൽ അപ്ലിക്കേഷൻ തുടങ്ങിയവ പ്രവർത്തിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.ആശുപത്രിയിലെ റിസപ്ഷനിൽ നീണ്ട ക്യൂ നിയന്ത്രിക്കാൻ സഹായിക്കുന്ന സംവിധാനമാണ്  സ്കാൻ.എൻ.ബുക്ക്.സ്ഥാപനത്തിൽ പ്രദർശിപ്പിക്കുന്ന  ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ,പൊതുജനങ്ങൾക്ക് ഡോക്ടറുടെ പരിശോധനക്കായി ടോക്കൺ നമ്പർ ലഭിക്കും.ടോക്കൺ ജനറേഷൻ സമയത്ത് ബാധകമായ എല്ലാ ഒ.പി.ചാർജുകളും ഓൺലൈനായി അടയ്ക്കാനും സാധിക്കും.

ഇ.ഹെൽത്ത്‌ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗം കെ.പി.രജിത,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,ഇ.ഹെൽത്ത്‌ ജില്ലാ പ്രോജക്റ്റ്‌ എഞ്ചിനീയർ ടി.പി.ശ്യാം ജിത്ത്‌,ഹെൽത്ത്‌ ഇൻസ്പെക്ടർ വി.സുനിൽ കുമാർ,വേലായുധൻ മുറ്റൂളിൽ,നൗഷാദ്‌ ചെമ്പറ,ഭാസ്കരൻ നായർ പഴഞ്ചേരി എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരി ഗവ.എഫ്‌.എച്ച്‌.സിയിൽ ഇ.ഹെൽത്ത്‌ സംവിധാനം പുത്തൂർ പഴഞ്ചേരി ഭാസ്കരൻ നായർക്ക്‌ യു.എച്ച്‌.ഐ.ഡി.കൈമാറി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post