തിരുവമ്പാടി:
കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുന്നക്കൽ മഞ്ഞപ്പൊയിൽ റോഡിലെ നടപ്പാതയിൽ കാറിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ തോട്ടുമുക്കം സ്വദേശി ടോണി സെബാസ്റ്റ്യനിൽ നിന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിലുള്ള എൻഫോയ്സ്മെന്റ് സ്ക്വാഡ് 20000 രൂപ പിഴ ഈടാക്കി.
മലയോര ഹൈവേയിൽ ശുചീകരണവും സൗന്ദര്യവൽക്കരണവും ജനകീയ പങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുമ്പോൾ റോഡരികിൽ ഡയപ്പറുകൾ നിറച്ച മാലിന്യ ചാക്കുകെട്ടുകൾ തള്ളിയത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. സിസിടിവി, ദൃക്സാക്ഷികൾ, മാലിന്യത്തിൽ നിന്ന് കിട്ടിയ രേഖകൾ എന്നിവരിൽ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മൻ്റ് സ്ക്വാഡ് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
മനുഷ്യവിസർജ്യങ്ങളടക്കിയ ഡയപ്പറുകൾ പൊതു സ്ഥലത്ത് തള്ളുന്നത് പകർച്ചവ്യാധികൾ പടരുന്നതിന് ഇടയാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു ജോസഫ്, ക്ലർക്ക് ഷർജിത്ത്ലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് ഏൽപ്പിക്കാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും സെക്രട്ടറി ശരത് ലാലും അറിയിച്ചു.

Post a Comment