കണ്ണൂര്‍: വടക്കന്‍ മലബാറിലെ കാവുകളില്‍ തെയ്യക്കാലമാണ്. പുരാതന ആചാരത്തെ ചേര്‍ത്തുപിടിക്കുന്ന കലാരൂപമാണ് തെയ്യം. എന്നാല്‍ സമീപകാലത്ത് റീലുകളും വിഡിയോകളും പകര്‍ത്താന്‍ വ്‌ലോഗര്‍മാരുടേയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റേയും തള്ളിക്കയറ്റമാണ്. ഇത്തവണ തെയ്യം അരങ്ങേറുന്ന 'തിരുമുറ്റ'ത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വിഡിയോയും നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ക്ഷേത്രഭരണകൂടങ്ങള്‍.

ഒക്ടോബര്‍ 27നാണ് ഈ വര്‍ഷത്തെ തെയ്യക്കാലം ആരംഭിച്ചത്. കൂത്തുപറമ്പ് കാവില്‍ ഇത്തരത്തില്‍ ഒരു അനിഷ്ടസംഭവവും അരങ്ങേറി. വിഡിയോ ചിത്രീകരിക്കാനുള്ള തിരക്ക് കലാശിച്ചത് സംഘര്‍ഷത്തിലാണ്. മുമ്പ് തെയ്യപ്രേമികളും ഭക്തരും മാത്രമാണ് ഈ കാവുകള്‍ സന്ദര്‍ശിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലെ തെയ്യം വിഡിയോകളുടെ അതിപ്രസരവും പ്രത്യേക ടൂര്‍ പാക്കേജുകളുടെ വര്‍ധനവും വിനോദ സഞ്ചാരികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഉള്‍പ്പെടെ ഇവിടേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ചെറിയ കാവുകളില്‍ പോലും തിരക്ക് നിയന്ത്രണാതീതമാണ്.

വ്‌ലോഗര്‍മാര്‍ ആചാരപരമായ സ്ഥലത്ത് അതിക്രമിച്ച് കയറി വിഡിയോ ചിത്രീകരണം നടത്തുന്നുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നുമാണ് ക്ഷേത്ര ഭരണകൂടങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നിയന്ത്രണം അനിവാര്യമാണെന്നും അവര്‍ പറയുന്നു. നിരവധി കാവുകള്‍ ഉത്സവ നോട്ടീസില്‍ വിഡിയോഗ്രാഫി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടാറുണ്ട്.
പല ട്രാവല്‍ ഏജന്‍സികളും തെയ്യം കാണാന്‍ വിദേശ വിനോദസഞ്ചാരികളെ കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ ഗൈഡുകള്‍ക്ക് പലപ്പോഴും ആചാരങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. പ്രാദേശിക വിനോദസഞ്ചാരികള്‍ക്ക് തെയ്യം പാക്കേജില്‍ ഒരാള്‍ക്ക് 3500 രൂപയാണ് ഈടാക്കുന്നത്. വിഡിയോ ചിത്രീകരണത്തിന് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ തെയ്യത്തിന്റെ ആഗോള വ്യാപ്തിയെ ബാധിച്ചേക്കാം. എന്നാല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറയുന്നു.

'''കണ്ടനാര്‍ കേളന്‍' പോലുള്ള ചില തെയ്യങ്ങളില്‍ അപകടകരമായ അഗ്‌നിപ്രയോഗങ്ങള്‍ ഉണ്ട്. വിശാലമായ തുറസ്സായ സ്ഥലങ്ങള്‍ ആവശ്യമാണ്. തിരുമുറ്റം പ്രദേശത്ത് വ്‌ലോഗര്‍മാര്‍ അതിക്രമിച്ചു കയറുമ്പോള്‍ ഞങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ മതിയായ ഇടമില്ല. ഓരോ തെയ്യ പ്രകടനത്തിന് മുമ്പും ഞങ്ങള്‍ കഠിനമായ ശാരീരിക പരിശ്രമം നടത്തേണ്ടിവരും. ചിലപ്പോള്‍ മണിക്കൂറുകളോളം മൂത്രമൊഴിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ല. അഗ്നിപ്രയോഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വലിയ അപകടസാധ്യതയുണ്ട്. മതിയായ സ്ഥലം ലഭിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമാകും'', തെയ്യം കലാകാരന്‍ ഷാനു പെരുവണ്ണാന്‍ പറയുന്നു.
''ഗവേഷണത്തിനും സംരക്ഷണത്തിനുമായി എത്തുന്ന തെയ്യം ഫോട്ടോഗ്രാഫര്‍മാരും അസ്വസ്ഥരാണ്. തിരുമുറ്റത്തിന്റെ പവിത്രത അറിയുന്നതുകൊണ്ട് ഒരു തടസവും സൃഷ്ടിക്കാതെയാണ് ഞ്ങ്ങള്‍ ഫോട്ടോ എടുക്കുന്നത്. എന്നാല്‍ ഈ പുതിയ കാലഘട്ടത്തിലെ വ്‌ലോഗര്‍മാര്‍ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ ലഭിക്കാന്‍ മേക്കപ്പ് റൂമുകളില്‍ പോലും കയറുന്നു. ഈ പ്രവണത അവസാനിപ്പിക്കണം,'' തെയ്യം ഫോട്ടോഗ്രാഫറായ പ്രിയേഷ് എം ബി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണ നിരോധനത്തെ എല്ലാവരും പിന്തുണയ്ക്കുന്നില്ല. തെയ്യം ആഗോള ശ്രദ്ധ അര്‍ഹിക്കുന്ന ഒരു മഹത്തായ കലയാണ്. ഫോട്ടോഗ്രാഫി പൂര്‍ണ്ണമായും നിരോധിക്കുന്നതിനുപകരം, ക്ഷേത്ര ഭരണകൂടങ്ങള്‍ അത് നിയന്ത്രിക്കണമെന്നാണ് രണ്ട് പതിറ്റാണ്ടിലേറെയായി വിദേശ വിനോദസഞ്ചാരികളെ തെയ്യക്കാലത്ത് എത്തിക്കാറുള്ള ട്രാവല്‍ ഏജന്റായ സന്തോഷ് വെങ്ങരയുടെ അഭിപ്രായം. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിശ്ചിത എണ്ണം പാസ് നല്‍കുകയും ചിത്രീകരണത്തിനായി പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുകയും ചെയ്യാം. ഇത് കാവുകള്‍ക്കും കലാകാരന്മാര്‍ക്കും വരുമാനം ഉണ്ടാക്കുന്നതിനൊപ്പം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കും, അദ്ദേഹം നിര്‍ദ്ദേശിച്ചു.


Post a Comment

أحدث أقدم