ന്യൂഡൽഹി: 
ഇന്ത്യയിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡലായ ലാറിസ്സ. ഹരിയാന വോട്ടർ പട്ടികയിലെ 22 വോട്ടർമാരുടെ ചിത്രമായി നൽകിയിരുന്നത് ലാറിസ്സയുടെ ഫോട്ടോയായിരുന്നു.

 ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച വാർത്തസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

എക്സിലൂടെ പുറത്തുവിട്ട് വിഡിയോയിലാണ് അവർ പ്രതികരണം അറിയിച്ചത്. തന്റെ ചിത്രം ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്തതിൽ അവർ ഞെട്ടൽ രേഖപ്പെടുത്തി. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അവർ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയിൽ ഉപയോഗിച്ചുവെന്നും ഇത് വിചത്രമാണെന്നുമായിരുന്നു മോഡലിന്റെ പ്രതികരണം. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയിൽ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചതെന്നും ലാറിസ്സ വ്യക്തമാക്കി.

അതേസമയം, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പി​ലെ കേന്ദ്രീകൃത അട്ടിമറിയിൽ 25 ലക്ഷത്തോളം വോട്ടുകൾ കവർന്നെന്ന രാഹുലിന്റെ വെളിപ്പെടുത്തലിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് നടന്ന വ്യാപക കള്ളവോട്ടിനെ കുറിച്ചാണ് പ്രധാനമായും ചർച്ചകൾ സജീവമാകുന്നത്.

വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു വോട്ടർപട്ടികയിൽ കടന്നു കൂടിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം രാഹുൽ പ്രദർശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തിൽ വോട്ടർപട്ടികയിൽ ഇടം നേടി 10 ബൂത്തുകളിലായി 22 വോട്ടുകൾ രേ​ഖപ്പെടുത്തിയെന്നായിരുന്നു രാഹുലിന്‍റെ അവകാശവാദം.

 

Post a Comment

أحدث أقدم