അക്കാദമിക് കോണ്‍ഫറന്‍സും യൂണിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റും ഇതോടൊപ്പം നടക്കും

കോഴിക്കോട് : 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ അഞ്ചാമത് ബിരുദദാന സമ്മേളനവും ജാമിഅ ഫെസ്റ്റും (മഹ്‌റജാന്‍) നാളെ (വെള്ളി) ആരംഭിക്കും. വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതന്‍മാരും സംബന്ധിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സും യൂണിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റും ഇതോടൊനുബ ന്ധിച്ച് നടക്കും.
ഗവേഷകരും വിദ്യാഭ്യാസ വിദഗ്ദരും സംബന്ധിക്കുന്ന അക്കാദമിക് കോണ്‍ഫ്രന്‍സോടെ ആരംഭിക്കുന്ന ബിരുദദാന സമ്മേളനം കുറ്റ്യാടി സിറാജുല്‍ ഹുദ ക്യാമ്പസില്‍ വെച്ചാണ് നടക്കുന്നത്. 'മിറാക്കിള്‍സ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമണ്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ്' എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫ്രന്‍സിലെ വിവിധ സെഷനുകള്‍ക്കും പാനല്‍ ചര്‍ച്ചകള്‍ക്കും ശാസ്ത്രജ്ഞർ, മതപണ്ഡിതർ എന്നിവർ നേതൃത്വം നൽകും. രാജ്യത്താകമാനമായുള്ള ജാമിഅതുല്‍ ഹിന്ദ് അഫിലിയേറ്റഡ് സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പേരാണ് പ്രതിനിധികള്‍.
ഇതോടനുബന്ധിച്ച് നടക്കുന്ന യൂണിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റില്‍ വിവിധ യൂണിവേഴ്‌സിറ്റി മേധാവികളുമായുള്ള കൂടിക്കാഴ്ചകള്‍ നടക്കും. ജാമിഅതുല്‍ ഹിന്ദ് വിദ്യാര്‍ഥികളുടെ പാഠ്യ-പാഠ്യേതര മികവിന് സഹായിക്കുന്ന വിവിധ അക്കാദമിക് കരാറുകള്‍ക്കും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കലിനും സമ്മിറ്റ് സാക്ഷ്യംവഹിക്കും. അതോടൊപ്പം, വിവിധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് കൂടി ജാമിഅയില്‍ പഠനം നടത്തുന്നതിനാവശ്യമായ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
നാളെ (വെള്ളി) രാവിലെ 10ന് ആരംഭിക്കുന്ന അക്കാഡമിക് ഫെസ്റ്റ് 'മഹ്‌റജാനി'ല്‍ വിവിധ സംസ്ഥാനങ്ങളിലായുള്ള 17 സോണുകളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. വിവിധ ഭാഷകളിലുള്ള കലാമത്സരങ്ങള്‍ക്ക് പുറമെ അക്കാദമിക വളര്‍ച്ചക്ക് സഹായിക്കുന്ന നിരവധി ഇനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മഹ്‌റജാന്‍. 60 ഇന മത്സരങ്ങള്‍ ശനിയാഴ്ച വൈകിട്ടോടെ സമാപിക്കും. സമാപന സംഗമത്തില്‍ പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി അധ്യക്ഷത വഹിക്കും. കേരള മുസ് ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
ജാമിഅതുല്‍ ഹിന്ദിന്റെ ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ്, മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച 916 ഹാദിമാര്‍ ബിരുദം സ്വീകരിക്കും. ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ നടക്കുന്ന ബിരുദദാന- സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും സമുന്നതരായ നേതാക്കള്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍

 അബ്ദുര്‍ റഹ്‌മാന്‍ ഫൈസി വണ്ടൂര്‍
(ജാമിഅതുല്‍ ഹിന്ദ് പ്രോ ചാന്‍സിലര്‍),
 സയ്യിദ് ത്വാഹ സഖാഫി
(ജാമിഅതുല്‍ ഹിന്ദ് സിന്‍ഡിക്കേറ്റ് അംഗം),
 റഹ്‌മത്തുല്ല സഖാഫി എളമരം
(ജാമിഅതുല്‍ ഹിന്ദ് സിന്‍ഡിക്കേറ്റ് അംഗം),
 ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല
(ജാമിഅതുല്‍ ഹിന്ദ് സിന്‍ഡിക്കേറ്റ് അംഗം).



Post a Comment

Previous Post Next Post